രാജ്യത്തെ ആരാധനാലയങ്ങളുടെ പേരിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമായ സാഹചര്യത്തിൽ, സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടപെടൽ നിർണായകവും ആശ്വാസവുമായി. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കീഴ്‌ക്കോടതികളിൽ ഉയർന്നുവന്ന നിരവധി കേസുകൾ താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
മുസ്‌ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ ഹർജികളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്നാണ് സിവില്‍ കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. നിലവിലുള്ള ഹർജികളിൽ നടപടികളും അന്തിമവിധികളും പാടില്ലെന്നും സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന്‍റെ പ്രതികരണം തേടിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പ്രതികരണമില്ലാതെ കോടതിക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു. നാലാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
ആരാധനാലയ നിയമത്തിനെതിരായ ഹർജികളിൽ കക്ഷി ചേരാൻ സിപിഎം, മുസ്ലിം ലീഗ്, ആർ ജെ ഡി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും, സമസ്തയടക്കമുള്ള സംഘടനകളും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ നിയമം റദ്ദാക്കിയാൽ രാജ്യത്തെ മതേതരത്വം തകർന്നുപോകുമെന്ന ആശങ്കയാണ് ഹർജികളിൽ ഉന്നയിച്ചത്. ഈ വിഷയത്തിൽ ആദ്യ ഹർജി നൽകിയത് 2020-ൽ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയായിരുന്നു. ഹർജികളിൽ വിശദമായ പരിശോധന നടത്തുന്നതിനായി സുപ്രീം കോടതി പ്രത്യേക ബെഞ്ചിനെ രൂപവത്കരിക്കുകയും ചെയ്തു.
ആരാധനാലയ നിയമം എന്താണ്?
1991-ൽ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ് ആരാധനാലയ നിയമം. രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾക്ക് ഒരു പരിഹാരം കാണുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം, 1947 ഓഗസ്റ്റ് 15-ന് ഉണ്ടായിരുന്ന അതേ സ്വഭാവത്തിൽ തന്നെ രാജ്യത്തെ ആരാധനാലയങ്ങൾ നിലനിർത്തുക എന്നതാണ്. അതായത്, ഒരു ക്ഷേത്രം ക്ഷേത്രമായും, ഒരു മസ്ജിദ് മസ്ജിദായും തുടരണമെന്നാണ് ഈ നിയമം പറയുന്നത്.
1991ലെ ആരാധനാലയ സംരക്ഷണ നിയമം, 1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന മതസ്ഥാപനങ്ങളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ലെന്ന വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 1947 ഓഗസ്റ്റ് 15 ന് ശേഷം ഏതെങ്കിലും കോടതിയിലോ ട്രൈബ്യൂണലിലോ അതോറിറ്റിയിലോ ഏതെങ്കിലും മതസ്ഥലത്തിൻ്റെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച ഏതെങ്കിലും കേസോ അപ്പീലോ മറ്റ് നടപടികളോ നിലവിലുണ്ടെങ്കിൽ, ആ കേസ് റദ്ദാക്കപ്പെടും. ഇതുകൂടാതെ, അത്തരമൊരു കേസിൽ വീണ്ടും കേസോ അപ്പീലോ ഫയൽ ചെയ്യാൻ കഴിയില്ല.
കോടതികളിൽ കേസുകൾ
ബാബറി മസ്ജിദ് – രാമജന്മഭൂമി തർക്കം ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല, കാരണം ഈ വിഷയം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കോടതിയുടെ പരിഗണനയിലായിരുന്നു. പുരാവസ്തുവകുപ്പിൻ്റെ (ASI) കീഴിലുള്ള മതപരമായ സ്ഥലങ്ങളാണ് മറ്റൊരു അപവാദം. എന്നാൽ മഥുരയിലെ ഗ്യാൻവാപി മസ്ജിദ്, ഷാഹി ഈദ്ഗാ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ആരാധനാലയങ്ങൾക്കും ഈ നിയമം ബാധകമാണ്.
നിലവിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പത്തിലധികം ആരാധനാലയങ്ങളുടെയും സ്മാരകങ്ങളുടെയും കേസുകൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഈ കേസുകളിൽ, 1991 ലെ ആരാധനാലയ നിയമം പ്രധാന പങ്ക് വഹിക്കുന്നു. നിലവിലുള്ള മസ്ജിദുകൾ, ദർഗകൾ, സ്മാരകങ്ങൾ എന്നിവ ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണെന്നും അവ ഹിന്ദു സമൂഹത്തിന് കൈമാറണമെന്നും ഹർജികളിൽ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ, ഇത്തരം കേസുകൾ ആരാധനാലയ നിയമത്തിന് എതിരാണെന്ന് മുസ്ലീം പക്ഷം വാദിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീം കോടതിയുടെ പുതിയ വിധി വലിയ പ്രതീക്ഷ നൽകുന്നുവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.