സുരേഷ് ഗോപി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. സുരേഷ്‌ഗോപി കേന്ദ്ര മന്ത്രി ആയതോടെ ചിത്രം പ്രതിസന്ധിയിൽ ആയിരുന്നു.

എന്നാൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.

ചലച്ചിത്ര പ്രവർത്തകരും അണിയറക്കാരും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഒറ്റക്കൊമ്പനുണ്ട്.