അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായംകണ്ടി രസ്ന(30)യാണ് മൂക്കിൽ പൊള്ളലേറ്റ് ശസ്ത്രക്രിയയ്ക്കിടെ വലത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.

ഒക്‌ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ രസ്‌നയുടെ കാഴ്ച നഷ്ടപ്പെട്ടതായി ഭർത്താവ് കെ.ഷജിൽ, സഹോദരൻ ടി.വി.ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അപ്പോള്‍ത്തന്നെ രസ്ന ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചതായും ഷജില്‍ പറഞ്ഞു.

കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്ബിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായാണ് നേത്രചികിത്സാ വിദഗ്ധർ പറഞ്ഞത്. ഉടനെ  കോയമ്ബത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച്‌ പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി.