ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് സ്വാതി മലിവാൾ രംഗത്ത്.

ഹരിയാനയിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ആം ആദ്മി പാർട്ടി ഇന്ത്യൻ സഖ്യത്തെ വഞ്ചിച്ചെന്നും കോൺഗ്രസിൻ്റെ വിജയം തുരങ്കം വെച്ചെന്നും സ്വാതി മലിവാൾ ആരോപിച്ചു.

പ്രതിപക്ഷ സഖ്യത്തിൻ്റെ ഐക്യത്തെ ആം ആദ്മി പാർട്ടി വഞ്ചിച്ചു. ആം ആദ്മി പാർട്ടി ഹരിയാനയിൽ മത്സരിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ്. ഞാൻ ബിജെപി ഏജൻ്റാണെന്ന് അവർ ആരോപിച്ചു. ഇന്ന് അവർ തന്നെ ഇന്ത്യൻ സഖ്യത്തെ ഒറ്റിക്കൊടുക്കുകയും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്യുന്നു -സ്വാതി മലിവാൾ  പറഞ്ഞു 

ഹരിയാനയിൽ  90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ബിജെപി 48, കോൺഗ്രസ് 36, മറ്റുള്ളവർ ആറ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നിലായിരുന്നുവെങ്കിലും പിന്നീട് ബിജെപി തിരിച്ചെത്തി.