സ്ഫോടകായുധങ്ങൾ ഉയർത്തുന്ന ഭീഷണി മൂലം സാധാരണജീവിതം പ്രതിസന്ധിയിലായ സിറിയയിലെ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് അൻപതുലക്ഷത്തോളം കുട്ടികളാണ് സ്ഫോടകായുധഭീഷണി നേരിടുന്നതെന്ന് ഫെബ്രുവരി നാല് ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെ അറിയിച്ചു.

പശ്ചിമേഷ്യൻ രാജ്യമായ സിറിയയിൽ ദീർഘനാളുകളായി തുടർന്ന അരക്ഷിതാവസ്ഥ മൂലം രാജ്യത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയെന്നും ശിശുക്ഷേമനിധി തങ്ങളുടെ സന്ദേശത്തിൽ കുറിച്ചു. ഇവരിൽ പത്ത് ലക്ഷത്തോളം കുട്ടികൾ വിദ്യാഭാസം സ്ഥിരമായി ഉപേക്ഷിച്ചേക്കാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും യൂണിസെഫ് സന്ദേഹം പ്രകടിപ്പിച്ചു.

രാജ്യത്ത് കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിനും, അവരുടെ അന്തസ്സ് മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, പ്രത്യാശാപൂർണ്ണമായ ഒരു ഭാവി ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പരിശ്രമങ്ങളുടെ തങ്ങൾ മുന്നോട്ടുപോകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭസംഘടന അറിയിച്ചു. കുട്ടികൾക്ക് സുരക്ഷിതവിദ്യാഭ്യാസം ഉറപ്പാക്കാനായി, അലെപ്പോ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യൂണിസെഫിന്റെ കൂടി സഹായത്തോടെ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ച വേളയിൽ ഫ്രാൻസിസ് പാപ്പായും സിറിയയിൽ സമാധാനം പുലരുന്നതിനുവേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു.