പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയ വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്ന് വരെയാണ് അല്‍ ബഷീറിന്റെ കാലാവധി. വിമതര്‍ക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീര്‍. എന്‍ജിനിയറായ ബഷീറിന് ഇഡ്ലിബ് സര്‍വകലാശാലയില്‍ നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്.
അതിനിടെ വിമതര്‍ കൈയടക്കാതിരിക്കാന്‍ എന്നുപറഞ്ഞ് സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ഡമാസ്‌കസിനടുത്തുവരെയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രയേല്‍സൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളില്‍ 400 ചതുരശ്രകിലോമീറ്റര്‍ വരുന്ന കരുതല്‍മേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. 1973-ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ ഈ പ്രദേശം പിടിച്ചെടുത്തത്.
എന്നാല്‍, കരുതല്‍മേഖലയ്ക്ക് കിഴക്ക് കിലോമീറ്ററുകള്‍ അകലെ ഖതാനയില്‍ ഇസ്രയേല്‍സൈന്യമെത്തിയെന്ന് സിറിയന്‍കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം അകലെയാണ് ഡമാസ്‌കസ്. ഡമാസ്‌കസിന് വടക്ക് ബര്‍സേഹിലുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രം വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ലടാക്കിയ തീരത്ത് നങ്കൂരമിട്ടിരുന്ന 10 നാവികസേനാകപ്പലുകളും തകര്‍ത്തുവെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. രാസായുധനിര്‍മാണശാലയെന്നുപറഞ്ഞ് 2018-ല്‍ യു.എസുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ബര്‍സേഹ് കേന്ദ്രം ആക്രമിച്ചിട്ടുണ്ട്.
അതേസമയം, സിറിയയിലെ പുതിയ അധികാരികളുമായി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. പക്ഷേ, ഞായറാഴ്ച അസദ് സര്‍ക്കാര്‍ വീണുകഴിഞ്ഞുള്ള ദിവസങ്ങളിലായി ഇസ്രായേല്‍ സിറിയയില്‍ 310 വ്യോമാക്രമണം നടത്തി. സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെടുകയല്ല, ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ യു.എന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയയുടെ സാധ്യതകളെ തകര്‍ക്കുന്ന നീക്കമാണിതെന്ന് സൗദി പ്രതികരിച്ചു. അതിനിടെ, ഡമാസ്‌കസില്‍ ജീവിതം സാധാരണ നിലയിലായിത്തുടങ്ങി. അസദിന്റെ പതനത്തിനുശേഷം ആദ്യമായി ചൊവ്വാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. കടകളും തുറന്നു. റോഡുഗതാഗതം സാധാരണനിലയിലായി. ശുചീകരണത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളികളും പണിക്കെത്തിയിരുന്നു.