ബിഷപ്പ് ഹൗസ് കയ്യേറി സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്. വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സിനഡിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് എറണാകുളം-അങ്കമാലി അതിരൂപത ജനാഭിമുഖ കുര്‍ബാന പക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസിലെത്തി പ്രാര്‍ത്ഥന യജ്ഞം ആരംഭിച്ചത്. ഇതിന്റെ പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധം നടത്തുന്ന 21 വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡ് നിര്‍ദേശം നല്‍കി. അതിരൂപത ഭവനം കയ്യേറി വൈദികര്‍ നടത്തിയ സമരം അപലപനീയമാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറാന്‍ സിനഡ് ആഹ്വാനം ചെയ്തു.
കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പുത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരിക്കുന്നത്.
വൈദികര്‍ ബിഷപ്പ് ഹൗസിലെത്തിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കറ്റവും ഉന്തും തള്ളുമുണ്ടായത്. സെന്‍ട്രല്‍-നോര്‍ത്ത് പൊലീസിന്റെ നേതൃത്വത്തില്‍ ആളുകളെ ശാന്തരാക്കുകയായിരുന്നു.