മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. അണക്കെട്ടിലെ ജലസംഭരണം വർധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണെന്നും നിലവിലെ ഡിഎംകെ സർക്കാർ അത് നിറവേറ്റുമെന്നും പെരിയസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ല, തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ അവശ്യ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അടുത്തിടെ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈക്കം സന്ദർശനത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തതിനെ തുടർന്നാണ് ഉപാധികളോടെ അനുമതി നൽകിയത്.

മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് കേരളം അനുമതി നൽകിയിരുന്നതിനെക്കുറിച്ച് സ്റ്റാലിൻ്റെ   പ്രതികരിച്ചത്.