പ്രതിഫലം നൽകുന്നതിൽ ലിംഗപരമായ വിവേചനം പ്രകടമായ മേഖലയാണ് സിനിമ. തുല്യവേതനം നൽകാത്ത അനീതിക്കെതിരെ പല നടിമാരും ശബ്ദമുയർത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പം പ്രധാനകഥാപാത്രമായി അഭിനയിച്ച ഡങ്കി എന്ന ചിത്രത്തിൽ താൻ നേരിട്ട പ്രതിഫല വിവേചനത്തിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് തപ്സി.

ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഡങ്കിയിൽ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചത് എന്ന് തപ്സി തുറന്നുപറഞ്ഞത്. ജുഡുവയും ഡങ്കിയും പോലെയുള്ള ചിത്രങ്ങൾ ഞാൻ ചെയ്യുന്നത് പണത്തിനുവേണ്ടിയാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ തമാശയെന്തെന്നാൽ ആ സിനിമകൾക്കൊക്കെ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത് എന്നാണ്. ഞാൻ പ്രധാനകഥാപാത്രങ്ങളായ ഹസീൻ ദിൽറുബ പോലെയുള്ള ചിത്രങ്ങൾക്കൊക്കെ എനിക്ക് കൂടുതൽ പ്രതിഫലം ലഭിച്ചു എന്നതാണ് വസ്തുത. മറ്റു ചിത്രങ്ങളിലൊന്നും അതുണ്ടായില്ല. ആ സിനിമയിൽ എനിക്ക് വേഷം തരുന്നതിലൂടെ എന്തോ ഔദാര്യം തരുന്നത് പോലെയാണ് ഭാവം. ഒരു സൂപ്പർ ഹീറോ സിനിമയിലുണ്ടല്ലോ പിന്നെ മറ്റ് അഭിനേതാക്കളെ എന്തിനാണെന്ന രീതിയാണ് അവർക്ക്, തപ്സി പറഞ്ഞു.

വൻപ്രേക്ഷകപ്രീതിയും വിജയചിത്രങ്ങളുമുള്ള ഒരു സംവിധായകനല്ലെങ്കിൽ നായികയെ തീരുമാനിക്കുന്നത് വരെ ചിത്രത്തിലെ നായകനാണെന്നും തപ്സി കൂട്ടിച്ചേർത്തു.