ഇന്ത്യൻ വ്യവസായിയും ടെക്നോക്രാറ്റുമായിരുന്ന കെ.പി.പി നമ്പ്യാർ തന്റെ ആത്മകഥ ‘സഫലം കലാപഭരിതം’ എന്ന പുസ്തകത്തിൽ കടന്നുവന്ന നാൾവഴികളെക്കുറിച്ചും ഇന്ത്യൻ സാങ്കേതികമേഖലയിലെ പുത്തൻ ചുവുവെപ്പുകളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. മുപ്പത്തിരണ്ടാം വയസ്സിൽ രത്തൻ ടാറ്റ കെ.പി.പി നമ്പ്യാരുടെ കീഴിൽ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ വന്ന അനുഭവം അദ്ദേഹം വിവരിക്കുന്നത് വായിക്കാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആത്മകഥയിൽ നിന്നും…

ഐ.ടി.ഇ. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ടെലികമ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ഞാൻ മി. അഗർവാളിനെ ആദ്യമായി കാണുന്നത്. ടാറ്റാ പവർ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിരുന്നു. ടെലികമ്യൂണിക്കേഷൻ രംഗത്തു പ്രവർത്തിക്കുന്ന എഞ്ചിനീയർമാരുടെ ഒരു തൊഴിൽസംഘടനയായിരുന്നു ഐ.ടി.ഇ. ഡൽഹിയിൽ അതിന്റെ പ്രവർത്തനം വളരെ പ്രചോദിതവും കാര്യക്ഷമവുമായിരുന്നു. എന്നാൽ ബോംബെയിൽ അതിന്റെ ശാഖ ഉദാസീനവും നിഷ്ഫലവുമായ ഒരു കൂട്ടായ്മ മാത്രമായിരുന്നു. ബോംബെ ഐ.ടി.ഇ. ഫലപ്രദമായി പുനഃസംഘടിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാൻ അഗർവാളിനെ സമീപിച്ചത്. ഐ.ടി.ഇ. പുനർരൂപീകരിക്കുന്നതിന് അഗർവാൾ ചെയർമാനും ഞാൻ സെക്രട്ടറിയുമായി ഒരു സമിതി ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായി. അദ്ദേഹത്തിനത് സ്വീകാര്യമായി. ആ സമിതിയുടെ പ്രവർത്തനത്തിനിടയ്ക്ക് ഞങ്ങൾ കൂടുതൽ പരിചിതരായി. 

ഒരിക്കൽ ഞാൻ മി. അഗർവാളിനോടു പറഞ്ഞു: ‘ഞാൻ ഫിലിപ്സിലാണ് ജോലിചെയ്യുന്നത്. എനിക്കൊരു ഇന്ത്യൻ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നുണ്ട്. ഇലക്ട്രോണിക്സിന്റെ വിവിധ പ്രയോഗങ്ങൾ (Application) ആണ് എന്റെ വിഷയം. എനിക്കതിൽ സാമാന്യം വൈദഗ്ധ്യമുണ്ട്. ടാറ്റയിൽ നിങ്ങളൊരു ഗവേഷണവികസനകേന്ദ്രം (R&D) തുടങ്ങുകയാണെങ്കിൽസഹകരിക്കുവാൻ ഞാൻ തയ്യാറാണ്’! അഗർവാൾ എന്നോട് ഒരു ‘നോട്ട്’ (note) കൊടുക്കുവാൻ ആവശ്യപ്പെട്ടു. ടാറ്റയിൽ ചേരുന്നതിനുമുമ്പ് അദ്ദേഹം ബോംബെയിൽ ‘ടെലികോമി’ന്റെ ജനറൽ മാനേജരും പിന്നീട് ഡൽഹിയിൽ ‘ടെലികോം’ ബോർഡ് മെമ്പറുമായിരുന്നു. ഒരു ഉയർന്ന ഇനം ബ്യൂറോക്രാറ്റ്. ഗവൺമെന്റ് ബ്യൂറോക്രാറ്റുകൾക്ക് ‘നോട്ടു’കൾ പ്രധാനമാണ്. ഞാൻ ഉടൻ തന്നെ’നോട്ട്’ തയ്യാറാക്കി. വിഷയത്തിൽ എനിക്കുള്ള പരിചയത്തിന്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതും എന്റെ അനേകം ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ ആ പദ്ധതിക്കുറിപ്പ് അഗർവാളിനെ ഏറെ സന്തുഷ്ടനാക്കി. അദ്ദേഹം അത് ടാറ്റയുടെ അധികൃതർക്കും ഉദ്യോഗസ്ഥർക്കുമിടയിൽ വിതരണം ചെയ്തുകാണണം. അവർ എന്നെ ഒരു അഭിമുഖ സമാഗമത്തിനു വിളിച്ചു.

ടാറ്റയുടെ പ്രമുഖ ബോർഡ് അംഗങ്ങളായിരുന്നു അഭിമുഖത്തിൽ സംബന്ധിച്ചത്. അന്ന് ടെൽകോയുടെ (Tata engg. & Locomotive Co.) ചെയർമാൻ സുമന്ദ്മുൾഗാവ്കർ ആണ്. അവസാനത്തെ ടെൽകോ ചെയർമാനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കാണെന്നു തോന്നുന്നു ടാറ്റാസുമോ എന്ന കാർ നാമകരണം ചെയ്യപ്പെട്ടത്. ഏതാണ്ട് ദീർഘമായ ആ കൂടിക്കാഴ്ചയ്ക്കുശേഷം അവരെന്നെ ടാറ്റയിൽ ചേരുവാൻ ക്ഷണിച്ചു. എന്റെ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് തിരക്കി. ശമ്പളത്തെക്കുറിച്ചും മറ്റും കണിശമായനിർബന്ധങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ഗവേഷണത്തിനും ക്രിയാത്മകമായ വികസനപ്രവർത്തനങ്ങൾക്കും ഉതകുന്ന സാഹചര്യങ്ങളായിരുന്നു എന്റെ പ്രധാനലക്ഷ്യം. എങ്കിലും അവരെനിക്ക് മേത്തരം താമസസൗകര്യവും ഡ്രൈവറുൾപ്പെടെ കാറും ഉയർന്ന ശമ്പളവും അനുവദിച്ചു.

ബോംബെ ഹൗസിനു സമീപം മധ്യബോംബെയിലെ നാനാവതി മഹാലയ എന്ന കെട്ടിടത്തിലാണ് എന്റെ ഓഫീസ് പ്രവർത്തിച്ചുതുടങ്ങിയത്. പിന്നീടു ഞങ്ങൾ നരിമാൻപോയന്റിൽ പുതുതായി പണിത ‘നിർമൽ’എന്ന കൂറ്റൻ കെട്ടിടത്തിലേക്കു മാറി. അവിടെ ഒരു ഗവേഷണ വികസനകേന്ദ്രം സജ്ജീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ വ്യവസായമേഖലയിൽ ഇലക്ട്രോണിക്സ് പ്രയോഗങ്ങളുടെ പ്രവേശനത്തിന് തുടക്കംകുറിച്ചത് ഈ ഗവേഷണശാല കേന്ദ്രീകരിച്ച് നടന്നപ്രവർത്തനങ്ങളാണെന്നു പറയാം. ഞങ്ങളുടെ കന്നി ഉത്പന്നം വളരെ വിനീതമായ ഒരു വോൾട്ടേജ് സ്റ്റബിലൈസറായിരുന്നു. അതുപക്ഷേ, നിർണായകമായ ഒരു വഴിത്തിരിവിനെക്കുറിച്ച ആദ്യ കാൽവെപ്പായിരുന്നു. 

വ്യാവസായികോത്പാദന രംഗത്തെ ടാറ്റായുടെ മിക്ക സംരംഭങ്ങളും നിർണായകമായ ആദ്യ കാൽവെപ്പുകളായിരുന്നു. ഇന്ത്യയുടെ വികസനത്തെ സംബന്ധിച്ച നിഷ്കൃഷ്ടമായ ഒരു ദർശനത്തിന്റെ പിൻബലം ഉണ്ടായിരുന്നുആ ഉദ്യമങ്ങൾക്ക് എന്നതാവാം അതിനു കാരണം. ടാറ്റാ കുടുംബം ദേശീയവാദികളായിരുന്നു; ജാംഷദ്ജി ടാറ്റാ അക്ഷരാർഥത്തിൽ ഒരു ദാർശനികനും. ഇന്ത്യയുടെ സർവതോന്മുഖമായ വികസനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഇന്ത്യയിലെ ഇരുമ്പുരുക്കു വ്യവസായത്തിന്റെ പിതാവുകൂടിയാണ് അദ്ദേഹം.

ഒരു കഥയുണ്ട്. ജാംഷഡ്പൂരിൽ ഇരുമ്പ് ഉരുക്ക് വ്യവസായശാല തുടങ്ങുന്നതിന് ആവശ്യമായ മൂലധനസമാഹരണത്തിന്റെ ഭാഗമായി ജാംഷദ്ജി ബ്രിട്ടീഷ് റെയിൽവേബോർഡിന്റെ ചെയർമാനും പണമിടപാടുകാരനുമായ ഒരു സായിപ്പിനെ സമീപിച്ചു. ഇന്ത്യയിൽ ഇരുമ്പുരുക്ക് ഉത്പാദനം അസാധ്യമാണെന്ന് സായിപ്പ് അദ്ദേഹത്തെ ഉപദേശിച്ചു. അഥവാ നിങ്ങൾ ഉത്പാദിപ്പിക്കുകയാണെങ്കിൽ അതത്രയും താൻ തിന്നുകൊള്ളാമെന്നും അയാൾ പറഞ്ഞു. ഏതാനും വർഷങ്ങൾ കഴിഞ്ഞ് ജാംഷഡ്പൂരിലെ വ്യവസായവും ഇരുമ്പുരുക്ക് നിർമാണവും യാഥാർഥ്യമായശേഷം ഈ നിക്ഷേപകനായ ഇംഗ്ലീഷുകാരൻ അവിടെ വരികയുണ്ടായി. ജാംഷഡ്ജി പക്ഷേ അയാളെ ഇരുമ്പു തീറ്റിച്ചില്ല. പഴയ വീരവാദത്തെക്കുറിച്ച് അയാളെ ഓർമിപ്പിച്ചതുപോലുമില്ല. അത്രയ്ക്ക് മാന്യനും ഉദാരമതിയുമായിരുന്നു ജാംഷദ്ജി ടാറ്റാ. അദ്ദേഹത്തിന്റെ മഹാമനസ്കതയും പാരമ്പര്യവും ടാറ്റാ മാനേജ്മെന്റ് ഒരളവോളമെങ്കിലും സ്വാംശീകരിച്ചിരുന്നു. അവരുടെ വ്യാവസായികസമീപനങ്ങളിൽ അത് സ്പഷ്ടമായിരുന്നു. അത്തരം ഒരു കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്നത് അഭിമാനകരമായി തോന്നിയിട്ടുണ്ട്.

അന്ന് നെൽക്കോ (Nelco) റേഡിയോകൾ ഉണ്ടാക്കിയിരുന്നത് ഇ.കെ. കോൾ എന്ന ഒരുബ്രിട്ടീഷ് കമ്പനിയുടെ സാങ്കേതികസഹകരണത്തോടുകൂടിയാണ്. ബ്രിട്ടീഷ്കമ്പനികൾ, സ്വകാര്യസംരംഭങ്ങളിലാണ് വിശ്വസിച്ചിരുന്നതെന്നതുകൊണ്ട് മിക്കപ്പോഴും വ്യക്തികളുടെയോ കുടുംബങ്ങളുടേയോ പേരിലാവും അറിയപ്പെടുന്നത്. ഇ.കെ.കോളുമായുള്ള സഹകരണത്തിൽനിന്ന്നെൽക്കോയ്ക്ക് കാര്യമായൊന്നും നേടാനുണ്ടായിരുന്നില്ല. അവരുടെ റേഡിയോ മോഡലുകൾ പഴഞ്ചനും വാൽവുകൾ ഉപയോഗിച്ച് നിർമിച്ചവയുമായതിനാൽ വലിപ്പംകൂടിയവയും ആയിരുന്നു. സാങ്കേതികവിദ്യഗണ്യമായി നവീകരിക്കാതെ റേഡിയോവ്യവസായത്തിന് മുൻഗതി സാധ്യമായിരുന്നില്ല. ആ അവസ്ഥയിലാണ് ഫാക്ടറി ഏറ്റെടുക്കാമോ എന്ന് കമ്പനി എന്നോട് ചോദിച്ചത്. ഞാൻ സന്തോഷപൂർവ്വം അതിനു തയ്യാറായി. ജനറൽമാനേജർ എന്ന നിലയ്ക്ക് പുതിയ ഫാക്ടറിയുടെ ചുമതല ഏറ്റെടുത്തു. പുതിയ ഒരിടത്ത് വളരെ ആധുനികമായ കെട്ടിടത്തിൽ 1,20,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ളതായി എന്റെ തൊഴിലിടം. അതോടെ നെൽക്കോയിൽ പ്രവർത്തിച്ചുവന്നിരുന്ന ലാബ് ഞാൻ അവിടേക്ക് മാറ്റി സ്ഥാപിച്ചു. 

ലാബിന്റെ പ്രവർത്തനം അതിനിടയ്ക്ക് ഗണ്യമായി വിപുലപ്പെടുത്തിയിരുന്നു. നൂറിലധികംപേർ അവിടെ വിവിധ ഗവേഷണങ്ങളിൽ വ്യാപൃതരായിരുന്നു. ബോംബെ ഐഐടിയിൽ ഞാൻ പരീക്ഷകനായി ഇരുന്നിട്ടുണ്ട്. അവിടുത്തെ സമർഥരായ മിക്ക വിദ്യാർഥികളെയും എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. അതിൽ പല എം.ടെക് ബിരുദധാരികളെയും ഞാൻ കമ്പനിയിൽ നിയമിച്ചു. ഇക്കാര്യത്തിൽ ടാറ്റാ മാനേജ്മെന്റ് ഒട്ടും ഇടപെടലുകളില്ലാത്ത പൂർണ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ചിരുന്നത്. 

പഴഞ്ചൻ മാതൃകയിലുള്ള ഭാരിച്ച റേഡിയോസെറ്റുകൾക്ക് പകരം ചെറുതും കനംകുറഞ്ഞതും വലിയ വിലയില്ലാത്തതുമായ ട്രാൻസിസ്റ്റർറേഡിയോകൾ നിർമിക്കുവാനാണ് ഞങ്ങൾ മുൻഗണന നൽകിയത്. ഭാരത് ഇലക്ട്രോണിക്സുമായി സഹകരിച്ച് ട്രാൻസിസ്റ്റർ ടെക്നോളജി ഞങ്ങൾ വികസിപ്പിച്ചെടുത്തു. കാഴ്ചയിലും ആകൃതിയിലും ആകർഷകങ്ങളായ പുത്തൻ ട്രാൻസിസ്റ്റർ മാതൃകകൾ രൂപകൽപ്പനചെയ്ത് പുറത്തിറക്കി. അപ്പോഴേക്കും ലണ്ടൻ കമ്പനി (ഇ.കെ. കോൾ) യുമായുള്ള സഹകരണം പ്രവർത്തനരഹിതമായിക്കഴിഞ്ഞിരുന്നു. വാസ്തവത്തിൽ റേഡിയോ നിർമാണത്തിന്യാതൊരു വിദേശ സാങ്കേതികവിദ്യയുടെയും പിൻതുണ ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. ഞാനത് ടാറ്റാ മാനേജ്മെന്റിന് തെളിയിച്ചുകൊടുത്തു.

അക്കാലത്തുതന്നെ, ‘ബുഷി’നെയും ‘മർഫി’യെയും പോലുള്ള കമ്പനികൾ നിലവിൽവന്നുകഴിഞ്ഞിരുന്നു. ഇന്ത്യൻപങ്കാളിത്തമുള്ള വിദേശ കമ്പനികളായിരുന്നു അവ. മർഫിക്ക് മറ്റൊരു ദേശീയവാദിയായ ഡി.ഡി. ലഖൻപാലും ബുഷിന് മിർചന്ദാനിയുമായിരുന്നു പങ്കാളികൾ. ഇരുവരും, പിന്നീട് അവരുടെ മക്കളും തങ്ങളുടെ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഊർജ്ജസ്വലരായ പങ്കാളികളായിരുന്നു. അക്കാരണത്താൽതന്നെ അവരുടെ കമ്പനികളുടെ പ്രകടനം അസൂയാവഹമായി. ദശലക്ഷക്കണക്കിനാണ് അവരുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഇടക്കാലത്ത് അവർ വിപണി പിടിച്ചടക്കുകതന്നെ ചെയ്തു. അവരുമായി മൽസരം ദുഃസാധ്യമാണെന്നുവന്നു. ഞങ്ങൾക്ക് സാങ്കേതികവിദ്യ മാറ്റുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഇത് സിലിക്കൺ ട്രാൻസിസ്റ്റർ ടെക്നോളജിയുടെവികസനത്തിലേക്കു നയിച്ചു.

ഒരു ബാൻഡ് റേഡിയോക്ക് നൂറുരുപ, രണ്ടുബാൻഡിന് ഇരുനൂറ് രൂപ, മൂന്ന് ബാൻഡിന് മുന്നൂറ് രൂപ എന്നിങ്ങനെ തെരഞ്ഞെടുക്കുവാൻ കൂടുതൽ അവസരങ്ങൾ നൽകുന്നതും നിരക്കിലും മാതൃകകളിലും ആകർഷകമായവൈവിധ്യങ്ങൾ പുലർത്തുന്നവയുമായ ട്രാൻസിസ്റ്ററുകൾ ലക്ഷക്കണക്കിന്ഉത്പാദിപ്പിച്ചുകൊണ്ട് ഞങ്ങൾ വിപണിയിൽ പ്രവേശിച്ചു. ഇന്ത്യയിലെ ഓരോ വീട്ടിലും ഒരു റേഡിയോ എന്നതായിരുന്നു ഞങ്ങളുടെ ദേശീയലക്ഷ്യം. മറ്റു സ്വകാര്യ വ്യവസായസംരഭങ്ങളെ അപേക്ഷിച്ച് നെൽക്കോവിന് ഒരു ദേശീയമായ ഉള്ളടക്കമുണ്ടായിരുന്നു. നെൽക്കോ അഥവാ നാഷണൽ ഇക്കോ എന്നഅതിന്റെ നാമസങ്കൽപ്പത്തിൽതന്നെ ഒരു ‘നേഷൻ’ ആയി മാറിയ ഭാരതത്തിന്റെ സ്വാഭിമാനം ഉന്നയിക്കപ്പെടുന്നുണ്ട്.

ടാറ്റാ പവർ ഇലക്ട്രോണിക്സ് ഗവേഷണവികസന പ്രവർത്തനങ്ങൾ ആരംഭിച്ചകാലത്തുതന്നെ 1967 ആഗസ്ത് 15ന് ബോംബെയിലെ ഫ്ളോറ ഫൗണ്ടനിൽ ഞങ്ങൾ ഭീമാകാരമായ ഒരു ഇലക്ട്രോണിക് ഡിജിറ്റൽ ഘടികാരം സ്ഥാപിച്ചു. അത്തരമൊന്ന് ഇന്ത്യയിൽ ആദ്യമായിരുന്നു. അവിചാരിതമായി നഗരചത്വരത്തിലെ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട കത്തുന്ന ഘടികാരം ആബാലവൃദ്ധം ജനങ്ങളെ ആകർഷിച്ചു. മാധ്യമങ്ങൾക്ക് കൗതുകവാർത്തയായി. ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ അപാരസാധ്യതകളെക്കുറിച്ച് ജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പിന്നീട് ആ ക്ലോക്കിന്റെ ചെറിയ മാതൃകകൾ ചർച്ച് ഗേറ്റിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും സ്ഥാപിക്കപ്പെട്ടു. ടാറ്റയുടെ ബോംബെ ഹൗസിൽ അത്തരം ഘടികാരങ്ങളുടെ ഒരു ശ്രേണിതന്നെ ഘടിപ്പിക്കുകയുണ്ടായി. അതോടെ ‘ടിസ്കോ’ തുടങ്ങിയ ടാറ്റയുടെ ഇതരസ്ഥാപനങ്ങളിൽനിന്നും ഡിജിറ്റൽക്ലോക്കുകളുടെ ആവശ്യം ഉയർന്നു.

റേഡിയോ കമ്പോളത്തിൽ മറ്റു കമ്പനികളുമായി ഫലപ്രദമായി മൽസരിക്കുവാൻ സെറ്റുകളുടെ ചമയത്തിലും രൂപകൽപ്പനകളിലും പുത്തൻപരിഷ്കാരങ്ങൾ ഞങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ടാറ്റയിലെ ഒരു എക്സിക്യൂട്ടീവായിരുന്ന ദിലീപ് മത്തായി ഒരു യുവാവിനെയും കൊണ്ട് എന്റെ ലാബിൽ കടന്നുവന്നു. ജവഹർലാൽ നെഹ്റുവിന്റെ മന്ത്രിസഭയിൽ സാമ്പത്തികകാര്യമന്ത്രിയായിരുന്ന ജോൺ മത്തായിയുടെ മകനാണ് ദിലീപ്. 
‘ഇത് രത്തൻ. നേവൽ ഡി ടാറ്റയുടെ മകൻ, ഇയാൾക്ക് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.’ ദിലീപ് പറഞ്ഞു. ആദ്യമായാണ് ഞാൻ രത്തൻ ടാറ്റയെ കാണുന്നത്. അന്ന് അയാൾക്ക് 32 വയസ്സായിരുന്നു പ്രായം. കോണൻ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദംനേടിയ യുവാവായ ഒരു ആർക്കിടെക്റ്റ്. റേഡിയോകളുടെ രൂപമാതൃകകൾ നവീകരിക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ പങ്കുചേരുവാനാണ് രത്തൻ ഇച്ഛിച്ചത്. ടാറ്റയുടെ കുടുംബത്തിൽനിന്നുള്ള ഊർജസ്വലനായ ആ പുതിയ അംഗത്തെ ഞങ്ങൾ സന്തോഷപൂർവം സ്വാഗതം ചെയ്തു. 

മൂന്നുവർഷത്തോളം രത്തൻ ടാറ്റ നെൽക്കോയിൽ റേഡിയോ ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു. മനോഹരമായ ചില മാതൃകകൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഏറ്റവും വിജയകരമായതും വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ‘തൃപ്തി’ എന്ന ഒരു മോഡലായിരുന്നു. രത്തൻ ഒരു നല്ല കൂട്ടാണ്. ദിവസവും രാവിലെ അദ്ദേഹം എന്റെ താമസസ്ഥലത്തെത്തും. ഞങ്ങൾ ഒരുമിച്ച് ഒരുകാറിലാണ് ലാബിലേക്കുള്ള യാത്ര. എന്റെ കാറും ഡ്രൈവറും തൊട്ടുപിറകിൽ ഞങ്ങളെ അനുഗമിക്കയാണ് പതിവ്. അതെനിക്ക് നിർബന്ധമായിരുന്നു. കാരണം യാത്രക്കിടയിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ വാക്കുതർക്കവും വഴക്കും ഉണ്ടാവും. അത്തരം ഘട്ടങ്ങളിൽ വണ്ടിനിർത്തിച്ച് ഞാനെന്റെ കാറിൽ കയറി യാത്ര തുടരുകയാണ് ചെയ്തിരുന്നത്. കമ്പനിയുടെ നയങ്ങളെയും സാങ്കേതികകാര്യങ്ങളെയും കുറിച്ച് സംസാരിച്ചുകൊണ്ടാണ് ഞങ്ങൾ ശണ്ഠ കൂടിയിരുന്നത്.

നെൽകോ അടിസ്ഥാനപരമായി ഒരു റേഡിയോനിർമാണ കമ്പനി ആയിരുന്നു. മറ്റ് ഇലക്ട്രോണിക് വ്യവസായങ്ങളിൽ ടാറ്റ പ്രവേശിച്ചിരുന്നില്ല. ലാബിൽ ഗവേഷണപഠനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം പുതിയ നിർമാണ പദ്ധതികൾ നിർദേശിക്കുവാനും കമ്പനി എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇലക്ട്രോണിക് വ്യവസായ സംരംഭങ്ങളുടെ അക്കാലത്തെ വർത്തമാനങ്ങളിൽ ചൂടുള്ള വിഷയം ‘കാൽക്കുലേറ്ററുകൾ’ ആയിരുന്നു. ഈ അത്ഭുതകരമായ കണക്ക്യന്ത്രങ്ങൾ ഉണ്ടാക്കി വിൽക്കുന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിച്ചുതുടങ്ങി. പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേപ്രകാരം 12,000 മെക്കാനിക്കൽ കാൽക്കുലേറ്ററുകളുടെ നിർമാണത്തിന് സർക്കാർ ലൈസൻസ് നൽകപ്പെട്ടിരുന്നുവെങ്കിലും അതേവരെ 6000 എണ്ണം മാത്രമേ നിർമിക്കപ്പെട്ടിരുന്നുള്ളൂ. ഈ അറിവ് കാൽക്കുലേറ്ററുകൾക്ക് വേണ്ടത്ര വിപണിയില്ലെന്ന ഒരു പ്രതീതിയാണ് ഉളവാക്കിയത്. എന്നാൽ പഴയ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ‘ഡിസ്ക്രീറ്റ് കംപോണന്റ്സ്’ ഉപയോഗിച്ച്നിർമിക്കപ്പെടുന്ന കാൽക്കുലേറ്ററുകളുടെ കാര്യമായിരുന്നു അത്. അവ കൊണ്ടുനടക്കുവാൻ വിഷമമായ മട്ടിൽ ഭാരിച്ച യന്ത്രോപകരണമായിരുന്നു. അപ്പോഴേക്കും പക്ഷേ, ജപ്പാനിൽ ‘ഇൻഡഗ്രേറ്റഡ് സർക്യൂട്ട്’ (ഐ.സി.) ഉപയോഗിച്ച് കൈപ്പിടിയിലൊതുങ്ങുന്ന ചെറിയതരം കാൽക്കുലേറ്ററുകൾ ലക്ഷക്കണക്കിന് ഉത്പാദിപ്പിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ സർവേ അനുമാനങ്ങൾ ഈ കൊച്ചുകാൽക്കുലേറ്ററുകൾക്ക് ബാധകമായിരുന്നില്ല. അവ അവയുടെ സൗകര്യപ്രദമായ ലഘുരൂപംകാരണം വൻതോതിൽ വിറ്റഴിക്കപ്പെടുമെന്ന് തീർച്ചയായിരുന്നു. അതുകൊണ്ട് കാൽക്കുലേറ്റർ ഉത്പാദനവുമായിമുന്നോട്ടു പോകുവാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഞാനും രത്തൻ ടാറ്റയും ചേർന്ന് സാമാന്യം ദീർഘമായ ഒരു ലോകപര്യടനത്തിനു പുറപ്പെട്ടു.

ഇലക്ട്രോണിക് വ്യവസായരംഗത്തെ പ്രവണതകൾ പൊതുവായും സെമികണ്ടക്ടർ ടെക്നോളജിയുടെ വികാസം സൂക്ഷ്മമായും മനസ്സിലാക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. ജപ്പാൻപോലുള്ള രാജ്യങ്ങളിൽ കാൽക്കുലേറ്റർ നിർമാണത്തിന്റെ രീതികൾ നേരിട്ട് കണ്ട് പഠിക്കേണ്ടതുണ്ടായിരുന്നു. 
1971-ലായിരുന്നു ആ യാത്ര. സൗമ്യനും സ്നേഹശീലനുമായ രത്തൻ ടാറ്റയ്ക്കൊപ്പമുള്ള സഞ്ചാരങ്ങൾ പ്രസന്നമാണ്. വിദേശനാണയ വിനിയോഗങ്ങളിലെ പരിധികാരണം ചെലവഴിക്കാൻ അനുവദിക്കപ്പെട്ട ഡോളറുകൾ നന്നേകുറവായതിനാൽ നന്നേ അരിഷ്ടിച്ചുകൊണ്ടുള്ള ഒരു യാത്രയായിരുന്നു ഞങ്ങളുടേത്. അതുകാരണം ന്യൂയോർക്കിൽ ഞങ്ങൾ ചെന്ന് താമസിച്ച ഹോട്ടൽ അടുത്തദിവസംതന്നെ ഒഴിവാക്കേണ്ടിവന്നു. ‘വാർഡോർഫ് എസ്റ്റോറിയ’ എന്ന ആ നക്ഷത്രഹോട്ടലിന്റെ ഒരു പഴയ താരിഫ് എങ്ങനെയോ രത്തന്റെ കൈവശം ഉണ്ടായിരുന്നു. അതുപ്രകാരം മുറിക്ക് വാടക 12 ഡോളറാണ്. എന്നാൽ താമസം തുടങ്ങിയപ്പോഴാണ് യഥാർഥ വാടക 44 ഡോളറാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്. അത് ഏതാണ്ട് ഞങ്ങൾക്കനുവദിക്കപ്പെട്ട മൊത്തംദിവസ അലവൻസിനോളം തന്നെ വരും. 

അടുത്ത രാവിലെ ഞങ്ങൾ ഹോട്ടൽ മാറി. ‘കമാൻഡർ’ എന്ന ആ ഹോട്ടലിലും പക്ഷേ, മുറിവാടക സമാനമായിരുന്നു. അത്തരം കൊച്ചുപരിഭ്രമങ്ങൾ ഒഴിച്ചുനിർത്തിയാൽ ഞങ്ങളുടെ പഠനനിരീക്ഷണയാത്ര സഫലമായിരുന്നു. എന്നാൽ, കാൽക്കുലേറ്ററുകളുടെ നിർമാണം പ്രതീക്ഷിച്ചതുപോലെ സുഗമമായിരുന്നില്ല. പ്രതിബന്ധം പ്രധാനമായും സർക്കാരിന്റെ ലൈസൻസിങ് നയങ്ങളുടെ പ്രതിലോമസ്വഭാവമായിരുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായത്തെ വളരെക്കാലത്തോളം സ്തംഭിപ്പിക്കുകയും ഒരളവോളം തകർക്കുകയും ചെയ്ത ഈ ലൈസൻസിങ് നയത്തെയും അതിന് നേതൃത്വം നൽകിയ ബ്യൂറോക്രാറ്റുകളുടെ യാഥാസ്ഥിതിക മനോഭാവങ്ങളെയും കുറിച്ച് ഒരല്പം വിശദീകരണം ആവശ്യമാണ്.