ശ്രീനഗർ: അതിർത്തി കടന്ന് എത്തുന്ന ഭീകരരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുകയാണ് നമ്മുടെ സൈന്യത്തിന്റെ കർത്തവ്യം. ഇതിനായി സ്വന്തം ജീവൻ തന്നെ ഇവർ ത്യജിക്കുന്നു. രാജ്യത്തെ ശിഥിലമാക്കാൻ വരുന്ന ഭീകരരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ അത്യാധുനിക ആയുധങ്ങൾ നമ്മുടെ സേനയ്ക്കുണ്ട്. എന്നാൽ പല ഘട്ടങ്ങളിലും ആയുധം കൊണ്ട് ഭീകരരെ കീഴ്പ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. തന്ത്രവും കുതന്ത്രവും ഇതിന് ആവശ്യമാണ്. ഇത്തരത്തിൽ വളരെ തന്ത്രപരമായി ലഷ്കർ ഭീകരനെ വധിച്ച സംഭവത്തിന് ആയിരുന്നു കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്.
കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആയിരുന്നു തന്ത്രം ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ഭീകരനെ കീഴ്പ്പെടുത്തിയത്. പുലർച്ചെയാണ് ശ്രീനഗറിലെ ഖാൻയറിൽ ലഷ്കർ ഭീകരൻ ഉസ്മാൻ എത്തിയതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്ത് എത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ധാരാളം വീടുങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന സ്ഥലം ആയിരുന്നു ഇവിടം. ഈ പ്രദേശത്തെ ഒരു വീട്ടിൻ ഉള്ളിലായിരുന്നു ഉസ്മാൻ ഒളിച്ചിരുന്നത്.
ഉസ്മാൻ ഒളിച്ചിരിക്കുന്ന വീട് കണ്ടെത്തിയ സൈന്യം അവിടം ലക്ഷ്യമിട്ട് നീങ്ങി. എന്നാൽ പ്രദേശത്തെ തെരുവ് നായ്ക്കൾ ഇവരുടെ ലക്ഷ്യത്തിന് തടസ്സമാകുകയായിരുന്നു. സൈന്യം വീടിന് അടുത്തേയ്ക്ക് പോയാൽ പട്ടികൾ കുരയ്ക്കും. ഇത് ഭീകരരിൽ സംശയം ഉണ്ടാക്കും. സൈനികരെ ഇവർ ആക്രമിക്കുകയോ അല്ലെങ്കിൽ ഇവർ രക്ഷപ്പെടുകയോ ചെയ്തേക്കാം. ഇതോടെ എന്ത് ചെയ്യുമെന്ന ചിന്തയിലായി സൈന്യം.
അപ്പോഴാണ് ബിസ്ക്കറ്റ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാമെന്ന ആശയം സൈനികരുടെ ബുദ്ധിയിൽ തെളിഞ്ഞത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന ബിസ്ക്കറ്റുകൾ ഇവർ പട്ടികൾക്ക് ഇട്ട് കൊടുക്കാൻ തുടങ്ങി. ഇത് കഴിച്ച പട്ടികൾ മിണ്ടാതെ ഇരുന്നു. ഈ തക്കം നോക്കി വീടിനുള്ളിൽ കയറി സൈനികർ ഉസ്മാനെ വകവരുത്തുകയായിരുന്നു.