താമരശ്ശേരി ബിഷപ്പ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

പരിസ്ഥിതിലോല മേഖലയുടെ തരംതിരിക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. 

ജനവാസമേഖലകള്‍ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയാണ് ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചത്. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലെ പരിസ്ഥിതിലോല മേഖലകളുടെ മാപ്പ് പരസ്യപ്പെടുത്തിയിട്ടില്ല. അത് പ്രസിദ്ധീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. പുറത്തുവിടാത്തിടത്തോളം കാലം കര്‍ഷകരുടെ സ്ഥലവും വില്ലേജും പ്രദേശങ്ങളും എവിടെയാണെന്ന് അറിയാന്‍ സാധിക്കില്ല. അറിയാനുള്ള അവകാശമുണ്ട്. അത് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഒരു ആവശ്യമെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രശ്നത്തിൽ അനുകൂല സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും എത്രയും വേഗം പരിഹരിക്കാമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനല്‍കി ബിഷപ്പ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.