തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം. ആദ്യ പ്രദർശനം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ ടാഗോർ തിയേറ്ററിലും കൈരളിയിലും ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സുകളിലാണ് ഇന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. രണ്ടാംദിനത്തിലെ ഭൂരിഭാഗം ചിത്രങ്ങളുടെയും റിസർവേഷനും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
കൈരളി-ശ്രീ-നിള, കലാഭവൻ, ടാഗോർ തിയേറ്ററുകളിൽ രണ്ടു പ്രദർശനം വീതമാണ് ഇന്നുണ്ടായിരുന്നത്. 9.30ന് ആദ്യചിത്രമായി പ്രദർശിപ്പിച്ച നോർവേയിൽനിന്നുള്ള ‘ലവബിൾ’ എന്ന ചിത്രത്തിനായി എട്ടരയോടെ തന്നെ ഡെലിഗേറ്റുകൾ ക്യൂ നിന്നുതുടങ്ങി. ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തു. തുടർന്ന് പ്രദർശിപ്പിച്ച ബ്രസീലിയൻ ചിത്രം ‘ബേബി’യുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
മലയാളികൾക്ക് സിനിമയോടുള്ള താൽപര്യം ഏറിവരുന്നതായാണ് ചലച്ചിത്രമേളയിലെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് ടാഗോറിൽ സിനിമ കാണാനെത്തിയ നടൻ അഡ്വ. ഷുക്കൂർ പറഞ്ഞു. ‘ആദ്യചിത്രമായ ലവബിൾ കണ്ടിറങ്ങിയതാണ്. ഞാനുൾപ്പെടെ ആ സിനിമ കണ്ടിറങ്ങിയവരെല്ലാം തൊട്ടടുത്ത സിനിമയ്ക്കായി ക്യൂ നിൽക്കുകയാണ്. 12.30നാണ് ഷോ. 11.30ന് മുമ്പേ തന്നെ ഇവിടെ ക്യൂ രൂപപ്പെട്ടുകഴിഞ്ഞു. ഗോവ ഫെസ്റ്റിവലിൽ ഉൾപ്പെടെയുള്ള മറ്റു മേളകളിൽനിന്ന് വ്യത്യസ്തമായി വളരെ പ്രതീക്ഷ ഉയർത്തുന്ന കാഴ്ചയാണ് ഐ.എഫ്.എഫ്.കെയിൽ കാണാനാകുന്നത്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീൽ-പേർച്ചുഗൽ ചിത്രമായ ‘ഫോർമോസ ബീച്ച്’, റൊമാനിയൻ ചിത്രം ‘ത്രീ കിലോമീറ്റേഴ്സ് ടു ദ എൻഡ് ഓഫ് ദ വേൾഡ്’ എന്നിവയും ആദ്യദിനം പ്രദർശിപ്പിച്ച ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടി. നിള തിയറ്ററിൽ പ്രദർശിപ്പിച്ച ‘ത്രീ കിലോമീറ്റേഴ്സ് ടു ദ എൻഡ് ഓഫ് ദ വേൾഡ്’ ക്യൂ നിന്നിട്ടും കാണാനാകാതെ നിരവധി പേർക്ക് മടങ്ങേണ്ടിവന്നു.
വൈകിട്ട് നിശാഗന്ധിയിലാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിനുശേഷം ‘ഐ ആം സ്റ്റിൽ ഹിയർ’ എന്ന ചിത്രം പ്രദർശിപ്പിക്കും. 15 വേദികളിലായി നാളെയാണ് ചലച്ചിത്രമേള പൂർണതോതിൽ ആരംഭിക്കുക. നാളെ പ്രദർശിപ്പിക്കുന്ന 67 ചിത്രങ്ങളിൽ അറുപതിലേറെ ചിത്രങ്ങളുടേയും റിസർവേഷൻ രാവിലെ ആരംഭിച്ച് അര മണിക്കൂറിനകം തന്നെ പൂർത്തിയായി. ഒരു തിയേറ്ററിലെ 70 ശതമാനം സീറ്റുകളാണ് ഡെലിഗേറ്റുകൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാനാവുക.