സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ധനകാര്യസ്ഥാപനങ്ങളിൽ പണയംവെച്ചതാണെങ്കിൽ പോലും അവ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് തെലങ്കാന ഹൈകോടതി. തങ്ങളുടെ കൈവശമുള്ള സ്വർണം പിടിച്ചെടുക്കുന്നതിനെതിരെ മണപ്പുറം ഗോൾഡ് ഫിനാൻസും സമാന സ്ഥാപനങ്ങളും സമർപ്പിച്ച നിരവധി ഹരജികൾ തള്ളിയാണ് കോടതി ഉത്തരവിട്ടത്. പൊലീസ് നടപടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ഹരജിക്കാർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
മോഷ്ടിച്ച സ്വർണ്ണം പലപ്പോഴും മോഷ്ടാക്കൾ പണയം വെക്കാറുണ്ടെന്നും ഉടമകൾക്ക് വീണ്ടെടുത്ത് നൽകാനുള്ള ശ്രമങ്ങളെ ഇത് സങ്കീർണ്ണമാക്കുമെന്നും ജസ്റ്റിസ് ബി. വിജയ്‌സെൻ റെഡ്ഡി വിധിന്യായത്തിൽ പറഞ്ഞു. ഇത്തരം പണയവസ്തുക്കൾ സെക്ഷൻ 102 പ്രകാരം പൊലീസ് പിടിച്ചെടുത്താൽ ആർട്ടിക്കിൾ 226 പ്രകാരം സ്വർണ വായ്പ കമ്പനികൾക്ക് ഹൈകോടതിയെ നേരിട്ട് സമീപിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. പകരം, തൊണ്ടിമുതൽ തിരികെ ലഭിക്കാൻ സെക്ഷൻ 451, 457 നടപടിക്രമമനുസരിച്ച് മജിസ്‌ട്രേറ്റിനെ സമീപിക്കാം.
മോഷ്ടിച്ച നിരവധി വസ്തുക്കൾ എളുപ്പത്തിൽ പണയം വയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ മഹേഷ് രാജെ ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത വസ്തുക്കൾ തിരികെ ലഭിക്കാൻ സ്വർണ വായ്പ കമ്പനികൾക്ക് നിയമ പരിഹാരങ്ങൾ ലഭ്യമാണെന്നും ആവശ്യമെങ്കിൽ വിചാരണ കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം വാങ്ങിയതിന്റെ ബില്ലോ മറ്റ് തെളിവുകളോ പണയംവെക്കുന്ന സമയത്ത് സ്വർണ്ണ വായ്പ കമ്പനികളിൽ ഹാജരാക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ ധാരാളം മോഷണമുതലുകൾ എത്തുന്നതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു.