കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളിൽ. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാൻ പോലീസിന് സഹായകമായത്. കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ ‘സിതാര’ എന്ന വീട്ടിലാണ് മോഷണം നടന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫ്ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എം.ടി.യുടെ ഭാര്യ സരസ്വതിയാണ് പരാതി നൽകിയത്. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തിയത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷറഫ് തെങ്ങലക്കണ്ടിക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. 

കേസ് രജിസ്റ്റർ ചെയ്ത ഉടനെ കേരള പോലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗമായ ഫിംഗർപ്രിന്റ്, സയിന്റിഫിക് എക്സ്പെർട് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് നോർത്ത് സോൺ ഐ.ജി. കെ. സേതുരാമൻ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് എന്നിവർ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. വീടിന്റെ പൂട്ട് തകർത്തിട്ടില്ല, ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല, അലമാര താക്കോൽ ഉപയോഗിച്ചാണ് തുറന്നത് എന്നീ വസ്തുതകൾ കണക്കിലെടുത്താണ് മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചത്.

പ്രാഥമിക ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരേയും രഹസ്യ നിരീക്ഷണം നടത്തേണ്ടവരേയും സിറ്റി ക്രൈം സ്ക്വാഡ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫ് പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി നൽകി. രണ്ട് ടീമായാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ എം.ടി.യുടെ വീടുമായി ബന്ധപ്പെടുന്ന പോലീസിന് സംശയമുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിർദ്ദേശം നൽകി. ചെമ്മങ്ങാട് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് ജില്ലയ്ക്ക് പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിർദേശം നൽകി. എം.ടി.യുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. 

ഇതേസമയം, എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തവേ എം.ടി.യുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി. വൈകാതെ പ്രാകാശിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്ന് പ്രകാശും ശാന്തയും പലതവണകളായി മോഷ്ടിച്ച സ്വർണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. ഇതോടെ പോലീസ് ശാന്തയെ രാവിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.

ഇരുവരെയും അന്വേഷണ സംഘം ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി ചോദ്യം ചെയ്തു. കമ്മത്ത് ലെയ്നിലെ മൂന്ന് കടകളിൽ മോഷണ സ്വർണം വിൽപന നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കമ്മത്ത് ലെയ്നിലെത്തി തെളിവെടുപ്പ് നടത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു മുതിരപ്പറമ്പിൽ, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാർ, രാകേഷ് ചൈതന്യം, നടക്കാവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ നിഷ, സീനിയർ സി.പി.ഓ.മാരായ എം.വി. ശ്രീകാന്ത്, അജീഷ് പിലിശ്ശേരി, വി.കെ. ജിത്തു, കെ. ഷിജിത്ത്, സി. ഹരീഷ് കുമാർ ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ സുരേഷ്കുമാർ, സീനിയർ സി.പി.ഓ.മാരായ സിന്ധു, രഞ്ജിത്ത്, ഡ്രൈവർ സി.പി.ഒ. രഞ്ജിത്ത് അഴിഞ്ഞിലം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.