കണ്ണൂർ: കണ്ണൂർ ചെമ്പേരിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചയാൾ പിടിയിൽ. തൃശ്ശൂർ സ്വദേശി റോയിച്ചനാണ് കുടിയാന്മല പൊലീസിന്റെ പിടിയിലായത്. മനോജ് ജോസഫ് എന്നയാളുടെ കടയിൽ നിന്ന് ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്

മോഷണത്തിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കയ്യിൽ കിട്ടിയ ബാഗുമായി ഓടി രക്ഷപ്പെടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ആറു ദിവസത്തിനിപ്പുറം ഈ കള്ളൻ വലയിലായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് സംഭവം. കടയുടമ മനോജ് ചായകുടിക്കാൻ പോയ തക്കത്തിന് മേശ വലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് പ്രതി റോയിച്ചൻ മോഷ്ടിച്ചത്.

ഓടി രക്ഷപ്പെട്ട പ്രതി തോട്ടത്തിലൂടെ നടന്ന് ബസ് റൂട്ടിലെത്തി. ചെമ്പേരി – തളിപ്പറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന പിലാക്കുന്നുമ്മൽ ബസിൽ കയറി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതി പിടിയിലായത്. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്നു ഇയാൾ. മുൻപും മോഷണമുൾപ്പെടെ നിരവധി കേസുകളിൽ റോയിച്ചൻ പ്രതിയായിട്ടുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.