കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ 3 മലയാളികൾ കൊല്ലപ്പെട്ടു.

മധുക്കര/ L&T ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് തിരുവല്ല സ്വദേശികളായ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ബൈപാസിലെ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം, ഭാര്യ ഷീല ജേക്കബ്, രണ്ടുമാസം മാത്രം പ്രായമുള്ള പേരക്കുട്ടി ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. 

ഇവരുടെ കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസിനെ ഗുരുതരമായ പരിക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവല്ലയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കൊറിയർ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.