അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് അജിത്തിനെതിരെ വിനീതിന്റ കുടുംബം..

എസിയുടെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപില്‍ നിന്ന് സഹപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണപ്പോള്‍ അയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ എസി സമ്മതിച്ചില്ല. അതിന് പിന്നാലെ അജിത് കുമാറിനെതിരെ വിനീത് കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം വൈരനിര്യാതനബുദ്ധിയോടെയാണ് എസി പെരുമാറിയതെന്നും നിരന്തരമായി ബുദ്ധിമുട്ടിച്ചെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

13വര്‍ഷമായി എസ്ഒജിയായി വിനീത് ജോലി ചെയ്തിരുന്നു. അവിടെയൊന്നും വിനിതിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അരീക്കോടെ ക്യാംപില്‍ എത്തിയപ്പോഴാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും സഹോദരന്‍ പറഞ്ഞു.ഉറങ്ങാന്‍ പോലും അവനെ അനുവദിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലെ ബാത്ത് റൂമിന്റെ ഡോറിന് മുന്നിലാണ് കിടത്തിയതെന്നും സഹോദരന്‍ പറഞ്ഞു. അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അജിത്തിനെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തില്‍ താത്പര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.വിനീതിന്റെ ആത്മഹത്യക്ക് പിന്നാലെ എസി അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍ രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.