ഡിസ്‌പുർ: ടൈംസ് മാഗസിന്റെ വുമൺ ഓഫ് ദി ഇയർ 2025ന്റെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വനിതയാണ് ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമായ പൂർണിമ ദേവി ബർമൻ. അസാമാന്യ പ്രവർത്തികൾ കൊണ്ട് ലോകത്തിന്റെ വളർച്ചക്കും ഭാവിക്കുംവേണ്ടി നിരന്തരം പ്രവൃത്തിച്ചുകൊണ്ടിരുന്ന 13 വനിതകളെയാണ് ടൈംസ് മാഗസിൻ ആദരിച്ചത്. അതിൽ ഒരേ ഒരു ഇന്ത്യൻ വനിതയാണ് പൂർണിമ ദേവി ബർമൻ.
ഐ.യു.സി.എന്നിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്ക് എന്ന പക്ഷിയുടെ സംരക്ഷണത്തിന് വേണ്ടി നിരന്തരമായി പരിശ്രമിച്ച വ്യക്തിയാണ് വന്യജീവി ജീവശാസ്ത്രജ്ഞയായ പൂർണിമ ദേവി ബർമൻ. അസം സ്വദേശിയായ പൂർണിമ 2007ൽ പിഎച്ച്ഡി ചെയ്യുന്ന സമയത്താണ് അസമിലെ ഹർഗില എന്ന ഗ്രാമത്തിലെ ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്ക് എന്ന പക്ഷിയുടെ അവസ്ഥയെക്കുറിച്ച് അറിയാൻ ഇടയാകുന്നത്. നിരവധി പക്ഷികൾ വസിക്കുന്ന മരം വെട്ടാൻ പോവുകയാണെന്ന ഫോൺ സന്ദേശം ലഭിച്ചതോടെ പൂർണിമയുടെ ജീവിതത്തെ തന്നെ അത് മാറ്റിമറിക്കുകയായിരുന്നു.
ഈ പക്ഷികളെ ഗ്രാമാസികൾക്ക് ഇഷ്ടമല്ലെന്നും അവയുടെ കൂട് നശിപ്പിക്കപ്പെട്ടതുകൊണ്ട് തന്നെ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും മനസിലാക്കിയതോടെയാണ് പൂർണിമ ഇതിനുവേണ്ടി പ്രവർത്തിക്കാൻ ആരംഭിച്ചത്. പക്ഷികൾ പരിസ്ഥിതിക്ക് എത്രത്തോളം പ്രധാനമാണെന്ന് പൂർണിമ ഗ്രാമാസികളെ ബോധവൽക്കരിച്ചു. തദ്ദേശീയരുമായും തദ്ദേശ ഭരണകൂടവുമായും സഹകരിച്ചാണ് പൂർണിമ ബോധവൽക്കരണം നടത്തിയത്. അതിലൂടെ സ്ത്രീകൾ മാത്രം ഉൾകൊള്ളുന്ന ‘ഹർഗില ആർമി’ എന്ന സംരക്ഷണ സംഘടനയും അവർ സ്ഥാപിച്ചു. പക്ഷികൂടുകൾ സംരക്ഷിക്കുകയും പക്ഷികളുടെ പ്രാധാന്യത്തെ ബോധവൽക്കരിക്കുകയും ചെയ്യുന്ന ഏതാണ്ട് 20000 ത്തിലധികം അംഗങ്ങളുള്ള സംഘടനയാണ് ഇന്നിത്.
പൂർണിമയുടെ നിരന്തരമായ പരിശ്രമത്തിന്റെ അനന്തരഫലമായി ഇന്ന് ഗ്രേറ്റർ അഡ്ജറ്റന്റ് എന്ന പക്ഷിയുടെ എണ്ണം വളരെ കൂടുതലാണ്. 2007ൽ വെറും 450 മാത്രമായിരുന്നു ഈ പക്ഷിയുടെ എണ്ണം എന്നാൽ 2023 ആയതോടെ ഇതിന്റെ എണ്ണം 1800 ആയി കൂടുകയായിരുന്നു. അതിന് ശേഷം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽനിന്നും ഈ പക്ഷിയെ ഐ.യു.സി.എൻ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതോടെ നിരവധിപേരാണ് പൂർണിമക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് മുന്നോട്ട് വന്നത്. ഇന്ന് ലോകം അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ് പൂർണിമ ദേവി ബർമൻ.