ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളിൽ മൃഗക്കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരണം. മുൻ വൈഎസ്ആർ കോൺഗ്രസ് (വൈഎസ്ആർസിപി) സർക്കാർ തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതിൽ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇതിന് പിന്നാലൊണ് വിവാദം ആളിപ്പടർന്നതും പരിശോധിക്കാൻ തീരുമാനിച്ചതും. 

മൃഗങ്ങളുടെ തീറ്റയും പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സ്വകാര്യ ലബോറട്ടറിയായ NDDB CALF ൻ്റെ റിപ്പോർട്ടിൽ, തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുൾപ്പെടെയുള്ള കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. (ഒരു പന്നിയുടെ ഫാറ്റി ടിഷ്യു റെൻഡർ ചെയ്യുന്നതിലൂടെ ലഭിക്കുന്നത്).

ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.