തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയുടെ തിരോധാനത്തിൽ വഴിത്തിരിവ്. ചാലിബിന്റെ മൊബൈൽ ഫോൺ ഓണാവുകയും ഭാര്യയുടെ കോൾ എടുക്കുകയും ചെയ്തു. ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്താമെന്നും അറിയിച്ചു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്.
തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്.
കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.