ടോക്യോ: ജപ്പാനിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയുടെ ടാമ കാമ്പസിലായിരുന്നു സംഭവം. ക്ലാസ് മുറിയിലിരുന്നവരെ വിദ്യാര്‍ത്ഥിനി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ച് തന്നെ 22കാരിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

സംഭവ സമയം നൂറോളം വിദ്യാർത്ഥികൾ ക്ലാസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. തനിക്ക് അവഗണന നേരിട്ടെന്നും അതിൽ നിരാശ തോന്നിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞതായാണ് വിവരം. അതിനാലാണ് സർവകലാശാലയിൽ ഉണ്ടായിരുന്നവരെ ചുറ്റിക കൊണ്ട് ആക്രമിച്ചതെന്നും അവർ പറഞ്ഞു.

പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമസംഭവങ്ങള്‍ താരതമ്യേന കുറവാണ്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായതിനാലാണിത്.