ദുബായ്: ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി നാളെ നവംബര്‍ 10 ഞായറാഴ്ച നടക്കുന്ന ദുബായ് റൈഡ് സൈക്ലിങ് ഇവന്റിനായി എമിറേറ്റിലെ ചില റോഡുകള്‍ ഏതാനും സമയങ്ങളില്‍ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ശെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ശെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡില്‍ നിന്നുള്ള വണ്‍വേ റോഡ് എന്നിവ പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 10 വരെയാണ് അടച്ചിടുകയെന്ന് ആര്‍ടിഎ അറിയിച്ചു.

ഈ റോഡുകള്‍ വഴിയുള്ള യാത്രക്കാര്‍ അല്‍ മുസ്താഖ്ബല്‍ റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖൈല്‍ റോഡ് എന്നീ റോഡുകള്‍ യാത്രയ്ക്കായി ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. അതിനിടെ നവംബര്‍ 10ന് ദുബായ് മെട്രോയുടെ സമയം നീട്ടിയതായും ആര്‍ടിഎ അറിയിച്ചു. ദുബായ് മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനും ഞായറാഴ്ച പുലര്‍ച്ചെ 3 മുതല്‍ സര്‍വീസ് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 12 മണി വരെ പ്രവര്‍ത്തിക്കും. ദുബായ് റൈഡില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) വാര്‍ഷിക പരിപാടിയായ ദുബായ് റൈഡായി പതിനായിരക്കണക്കിന് നിവാസികള്‍ നവംബര്‍ 10 ഞായറാഴ്ച ശെയ്ഖ് സായിദ് റോഡിലൂടെ ദുബായുടെ ലാന്‍ഡ്മാര്‍ക്കുകള്‍ കടന്ന് സൈക്കിളില്‍ സഞ്ചരിക്കും. കഴിഞ്ഞ വര്‍ഷത്തെ 35,000ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആബാല വൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്ന ദുബായ് റൈഡിന്റെ അഞ്ചാം പതിപ്പില്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ദുബായ് റൈഡിന്റെ ഭാഗമായി കുടുംബങ്ങള്‍ക്കായി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡിലൂടെ നാലു കിലോമീറ്റര്‍ ഡൗണ്‍ടൗണ്‍ റൂട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിലൂടെയുള്ള സൈക്ലിംഗ് രാവിലെ 6:15 ന് ദുബായ് മാളില്‍ നിന്ന് ആരംഭിച്ച് ദുബായ് ഓപ്പറ, ബുര്‍ജ് ഖലീഫ എന്നിവയിലൂടെ സഞ്ചരിക്കും. പരിചയസമ്പന്നനായ സൈക്ലിങ് കമ്പക്കാര്‍ക്ക് കൂടുതല്‍ ദൂരമേറിയ ലോങ് റൂട്ടും സജ്ജമാക്കിയിട്ടുണ്ട്, ശെയ്ഖ് സായിദ് റോഡിലൂടെ 12 കിലോമീറ്റര്‍ സൈക്ലിങ് നടത്താന്‍ ഇതിലൂടെ അവസരം ലഭിക്കും. ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ദുബായ് കനാല്‍ എന്നിവയിലൂടെയാണ് ഈ യാത്ര പുരോഗമിക്കുക.