ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യ സഭ അംഗം ഡെറക് ഒബ്രയാനും ലോക് സഭ എം.പി മഹുവ മൊയ്ത്രയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലേത്തി. നിലവില്‍ പാർട്ടി കണ്‍വീനറും മുൻ എം.എല്‍.എയുമായ പി.വി അൻവറുമായി ചർച്ച നടത്തിയ ശേഷം ഇന്ത്യൻ യുനിയൻ മുസ്‌ലിം ലീഗ് നേതാവായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ വീട്ടില്‍ പോയി സന്ദർശിച്ചു. സന്ദർശനം തികച്ചും സൗഹൃദ ബന്ധത്തിലാണെന്നും രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സാദിഖ് അലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇലക്ഷൻ അടുക്കുന്ന സാഹചര്യത്തില്‍ സഖ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമെ തല്‍ക്കാലം ഒള്ളൂ. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ ചർച്ച നടത്തി തുടർനടപടികള്‍ തീരുമാനിക്കുമെന്നും തങ്ങള്‍ അറിയിച്ചു.
മനോഹരമായൊരു സന്ദർശനമായിരുന്നെന്നും പാർട്ടിയുടെ ഭാവി കാര്യങ്ങളെ കുറിച്ച് കൂടുതല്‍ സംസാരിക്കാനുണ്ടെന്നും ഡെറക് ഒബ്രിയൻ മാധ്യമങ്ങളോടെ പറഞ്ഞു. നേതാക്കള്‍ക്ക് ഐ.യു.എം.എല്ലിനെ കുറിച്ച് അറിയാമെന്നും പാർലമെൻ്റിലെ മുസ്ലീം ലീഗിൻ്റെ എം.പിമാരുമായി സൗഹൃദത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.
ഡെറക് ഒബ്രയാനും മഹുവ മൊയ്ത്രയും വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അറിയിച്ചത്. മഞ്ചേരി മണ്ഡലം സന്ദർശിക്കുമെന്നും പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചർച്ച ചെയ്ത് പാർലിമെന്റില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
നിലമ്ബൂരിലെ എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ ആയിരുന്ന പി.വി. അൻവർ ഈ അടുത്താണ് തന്റെ രാജി സമർപ്പിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഐക്യജനാധിപത്യ മുന്നണിക്ക് (യു.ഡി.എഫ്) പിന്തുണ നല്‍കുന്നതായും അൻവർ അറിയിച്ചു.