ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ .. എന്ന ഡയലോഗ് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം തലയുടെ പേരില്‍ സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിക്കുന്ന ടെന്‍ഷനാണ് ടെന്‍ഷന്‍. കൊളറാഡോ സ്റ്റേറ്റ് ക്യാപിറ്റലില്‍ സ്ഥാപിച്ച തന്റെ ഛായാചിത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ‘മനഃപൂര്‍വ്വം നാശമാക്കിയതാണ്’ എന്നാണ് പ്രസിഡന്റിന്റെ ആരോപണം.
‘ആരും സ്വന്തം ചിത്രം മോശമാകുന്നത് ഇഷ്ടപ്പെടുന്നില്ല. പക്ഷേ കൊളറാഡോയില്‍, ഗവര്‍ണര്‍ മറ്റ് എല്ലാ പ്രസിഡന്റുമാര്‍ക്കൊപ്പം സ്റ്റേറ്റ് ക്യാപിറ്റലില്‍ സ്ഥാപിച്ച ചിത്രം എത്ര മോശമാണെന്ന് അറിയാമോ? എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. താന്‍ പോലും ഇതുവരെ കാണാത്ത ചിത്രമെന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്.
‘ഇതേ കലാകാരി പ്രസിഡന്റ് ഒബാമയെ മനോഹരമായി വരച്ചു. അദ്ദേഹം മനോഹരമായി കാണപ്പെടുന്നു. പക്ഷേ എന്റെ ചിത്രം എത്രമാത്രം മോശമാണ്. പ്രായമാകുമ്പോള്‍ അവര്‍ക്ക് വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കണം.’ – ചിത്രകാരിയെക്കുറിച്ച് ട്രംപ് വിലയിരുത്തുന്നു. ഇത്തരത്തില്‍ ഒരു ചിത്രം വയ്ക്കുന്നതിനേക്കാള്‍ തന്റെ ചി്ത്രം ഇല്ലാത്തതാണ് നല്ലതെന്നും ട്രംപ് പറയുന്നു. നിരവധി കൊളറാഡക്കാര് സംസ്ഥാന അധികാരികളെ ബന്ധപ്പെട്ട് ഒന്നുകില്‍ പുതിയ ചിത്രം വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്ലാത്തപക്ഷം ചിത്രം മാറ്റണമെന്നാണ് അവരുടെ ആവശ്യം.
ഗവര്‍ണര്‍ ജാരെഡ് പോളിസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉന്നയിക്കുന്നത്. പ്രത്യേകിച്ച് പൊതു സുരക്ഷാ ആശങ്കകളെയും അറോറയിലെ ട്രെന് ഡി അരാഗ്വ സാഹചര്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം ആരോപിക്കപ്പെടുന്ന ഏകദേശം 300 അംഗങ്ങളെ നാടുകടത്തിയത് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം അറോറയില്‍ വെനിസ്വേലന്‍ ഗുണ്ടാ സംഘത്തിന്റെ സാന്നിധ്യത്തോടുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതികരണത്തെ ട്രംപ് പരാമര്‍ശിച്ചു.
‘എന്തായാലും, ഈ ചിത്രം വയ്ക്കുന്നതിനേക്കാള്‍ ചിത്രം വയ്ക്കാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. കൊളറാഡോയില്‍ നിന്നുള്ള നിരവധി ആളുകള്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍, അവര്‍ക്ക് അതില്‍ ദേഷ്യമുണ്ട്! കുറ്റകൃത്യങ്ങളില്‍ അങ്ങേയറ്റം ദുര്‍ബലനായ തീവ്ര ഇടതുപക്ഷ ഗവര്‍ണര്‍ ജാരെഡ് പോളിസിനോട് എനിക്ക് രോഷമുണ്ട് എന്നാണ് ട്രംപിന്റെ പക്ഷം.
അതേസമയം പോളിസ് ട്രംപിന്റെ ആരോപണങ്ങളോട് സൗമ്യമായാണ് പ്രതികരിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് കൊളറാഡോ സ്റ്റേറ്റ് ക്യാപിറ്റലിന്റെയും അതിന്റെ കലാസൃഷ്ടികളുടെയും ആരാധകനാണെന്ന് അറിഞ്ഞപ്പോള്‍ ഗവര്‍ണര്‍ പോളിസ് അത്ഭുതപ്പെട്ടുവെന്ന് ഡെന്‍വര്‍ വാര്‍ത്താ ഏജന്‍സിയായ 9 ന്യൂസിനോട് ഗവര്‍ണറുടെ ഓഫീസിന്റെ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ ക്യാപിറ്റല്‍ കെട്ടിടത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഓഫീസ് പറയുന്നു.
യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ട്രംപിന്റെ ഛായാചിത്രം ആദ്യം കമ്മീഷന് ചെയ്തത് പോളിസോ പ്രസിഡന്റിന്റെ ഏതെങ്കിലും രാഷ്ട്രീയ എതിരാളിയോ അല്ല. വാസ്തവത്തില്‍ അത് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. കൊളറാഡോ സ്റ്റേറ്റ് ക്യാപിറ്റലിലെ ഛായാചിത്രങ്ങള്ക്കുള്ള ധനസഹായം സാധാരണയായി സംസ്ഥാനത്തെ കലകളെ പിന്തുണയ്ക്കുന്ന അടിസ്ഥാന സംഘടനയായ കൊളറാഡോ സിറ്റിസണ്‍സ് ഫോര്‍ കള്‍ച്ചര്‍ ശേഖരിക്കുന്ന സ്വകാര്യ സംഭാവനകളില്‍ നിന്നാണ്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം കമ്മീഷന് ചെയ്യുന്നതിന് ഗ്രൂപ്പിന് 10,000 ഡോളര്‍ സമാഹരിക്കേണ്ടി വന്നു. എന്നാല്‍ 2018 ല്‍, ഒരു സംഭാവന പോലും ലഭിച്ചില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ജെയ് സെല്ലര്‍ പറഞ്ഞു. ആ വര്‍ഷം ജൂലൈയില്‍, ട്രംപിന്റെ ഛായാചിത്രം തൂക്കിയിടാന്‍ ഉദ്ദേശിച്ചിരുന്ന ഒഴിഞ്ഞ സ്ഥലത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒരു ഛായാചിത്രം ഒരാള്‍ നുഴഞ്ഞു കയറി സ്ഥാപിച്ചത് വിവാദമായിരുന്നു.
കൊളറാഡോ സ്പ്രിംഗ്സില്‍ താമസിക്കുന്ന ബ്രിട്ടീഷ് വംശജയായ കലാകാരിയായ സാറാ എ. ബോര്ഡ്മാനെയാണ് ഛായാചിത്രം വരയ്ക്കാന്‍ നിയോഗിച്ചത്. മുന്‍ പ്രസിഡന്റുമാരുടെ 43 ഛായാചിത്രങ്ങളും വരച്ച ചിത്രകാരി ലോറന്‍സ് വില്യംസ് 2003-ല്‍ മരിച്ചതിനുശേഷം, ബോര്‍ഡ്മാന്‍ ബരാക് ഒബാമയുടെ ഛായാചിത്രം വരച്ചിരുന്നു. വില്യംസിന്റെ ചിത്രങ്ങളുടെ ക്ലാസിക്കല്‍ റിയലിസ്റ്റ് ശൈലിയുമായി പൊരുത്തപ്പെടാന്‍ താന്‍ ശ്രമിച്ചതായും കാപ്പിറ്റോള്‍ ബില്‍ഡിംഗ് അഡൈ്വസറി കമ്മിറ്റി വോട്ട് ചെയ്ത് അംഗീകരിച്ച ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ള ട്രംപിന്റെ പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് മാസമെടുത്തതായും അനാച്ഛാദന ചടങ്ങില്‍ ബോര്‍ഡ്മാന്‍ പറഞ്ഞിരുന്നു.