വാഷിങ്ടന്‍: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ ഏര്‍പ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഉടനടി കരാറില്‍ ഏര്‍പ്പെടുണം, അല്ലെങ്കില്‍ യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന എല്ലാത്തിനും ഉയര്‍ന്ന നികുതിയും തീരുവയും ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.
”ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തില്‍ ചെയ്യാം, അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്”ട്രംപ് കുറിച്ചു. താന്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നായിരുന്നു ട്രംപിന്റെ വാദം. ”റഷ്യ യുക്രെയ്ന്‍ ജനത മരിക്കുകയാണ്. അവര്‍ മരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഞാന്‍ അത് ചെയ്യിക്കും” 2023 മേയ് മാസത്തില്‍ ട്രംപ് പറഞ്ഞതിങ്ങനെ. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്.