ന്യൂയോര്‍ക്ക്: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പലസ്തീനികള്‍. ‘ഇത് ഞങ്ങളുടെ മണ്ണാണ്, ഗാസ വിട്ടുപോകുന്ന പ്രശ്‌നമില്ല’ എന്നാണ് ഗാസയിലെ പലസ്തീനികള്‍ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ അവിടെ നിന്ന് സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം അറബ് രാജ്യങ്ങളെല്ലാം രൂക്ഷമായി വിമര്‍ശിച്ചു.

ഇതിനിടെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ അഭയാര്‍ഥികളെ താല്‍ക്കാലികമായി സ്വീകരിക്കുമെന്ന ട്രംപിന്റെ പരാമര്‍ശം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഭാഗികമായി പിന്‍വലിക്കുകയും ചെയ്തു. ഗാസ ഏറ്റെടുക്കുന്നത് സംബന്ധിച്ച് രേഖാമൂലമുള്ള പദ്ധതികളൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു. തീരദേശ മേഖലയില്‍നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്ന വിഷയത്തില്‍ നേരത്തേതന്നെ പ്രസിഡന്റിന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ലീവിറ്റ് പ്രതികരിച്ചിരുന്നു. സഖ്യകക്ഷികളില്‍നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഗാസ നിലപാടില്‍ മയപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.

ഗാസ ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര ഭൂമിയല്ലെന്ന് പലസ്തീന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു. ഏതൊരു രാജ്യത്തെയും ഓരോ തുണ്ട് ഭൂമിയും അവിടെ താമസിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതിനാല്‍ ഗാസയില്‍ തന്നെ തുടരാന്‍ പലസ്തീനികള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് അതിവേഗ പരിഹാരം വേണമെന്നാണ് ലോകനേതാക്കള്‍ ആവശ്യപ്പെട്ടത്.

ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ടുബാസിന് തെക്കുള്ള ഫാര ക്യാംപില്‍ ഇസ്രയേല്‍ സൈന്യം ഉപരോധം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ക്യാംപിലെ താമസക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നത് തടഞ്ഞു. ആംബുലന്‍സ് ജീവനക്കാരെയും പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറേം നഗരത്തില്‍ ഇസ്രയേല്‍ സൈന്യം അതിക്രമിച്ചു കയറിയതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗാസ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.