• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസില്‍ ആരു വാഴും ആരു വീഴും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഭിപ്രായ വോട്ടെടുപ്പുകള്‍ പറയും പോലെ കഷ്ടിച്ച് കമല ഹാരിസ് കടന്നു കൂടുമോ അതോ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. പല സര്‍വേകളും ഹാരിസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും ബെറ്റിങ് മാര്‍ക്കറ്റില്‍ ട്രംപ് തന്നെയാണ് വിലയേറിയ താരം. എന്നാല്‍ അവസാന നിമിഷം കമല നടത്തുന്ന മുന്നേറ്റം ട്രംപ് ക്യാമ്പിന് ആശങ്ക സമ്മാനിക്കുന്നുവെന്നതും വാസ്തവമാണ്.

തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണികളില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനേക്കാള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് ദിവസങ്ങള്‍ക്കു മുന്‍പാണ് കുത്തനെ കുറഞ്ഞത്. അഞ്ച് വന്‍കിട വിപണികളിലൊന്നില്‍ ഡെമോക്രാറ്റ് ചെറിയ ലീഡ് പോലും നേടിയെന്നതാണ് ശ്രദ്ധേയം. അടുത്തിടെ ഹാരിസിന് അനുകൂലമായ ഒരു പോളിംഗ് ആണ് ഹാരിസിനെ സഹായിച്ചതെന്നാണ് വിലയിരുത്തുന്നത്. ചുവന്ന സംസ്ഥാനമായ അയോവയില്‍ ഹാരിസ് മുന്നിലാണെന്ന് കാണിക്കുന്ന ഷോക്ക് പോള്‍ കമലയുടെ തിരിച്ചുവരവിന് സഹായകമായിട്ടുണ്ട്.

പ്രധാന വസ്തുതകള്‍

അഞ്ച് പ്രധാന വിപണികളില്‍ നിന്നുള്ള വാതുവെപ്പ് നമ്പറുകള്‍ ഏകീകരിക്കുന്ന ഇലക്ഷന്‍ ബെറ്റിംഗ് ഓഡ്സ് ട്രാക്കര്‍ അനുസരിച്ച് – വാതുവെപ്പുകാര്‍ ഇപ്പോള്‍ ട്രംപിന് നവംബറില്‍ വിജയിക്കാനുള്ള 54.6% സാധ്യത നല്‍കുന്നു. ഹാരിസിന് ഇത് 45% ആണ്.

കഴിഞ്ഞ ആഴ്ചയിലെ സംഖ്യകളില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. കഴിഞ്ഞയാഴ്ച വരെ ട്രംപിന് 63 ശതമാവും ഹാരിസിന് 36% സാധ്യതയുമായിരുന്നു.

ട്രംപിന്റെ ലീഡ് മുമ്പ് ഏറ്റവും കുറവായിരുന്ന PredictItലെ ബുക്കുമേക്കര്‍മാര്‍ ഹാരിസിന് ഈ ആഴ്ച ഒരു ഷെയറിന് 55 സെന്റ് (ഏകദേശം വിജയിക്കാനുള്ള സാധ്യത 55%) എന്ന നിരക്കില്‍ ഉയര്‍ത്തി. ഇവിടെ ട്രംപിന് 51 സെന്റ് മാത്രമാണ് ഇവര്‍ നല്‍കുക.

തെരഞ്ഞെടുപ്പില്‍ വാതുവെപ്പ് തുടരാന്‍ കഴിഞ്ഞ മാസം ഫെഡറല്‍ കോടതി വിധി നേടിയ കല്‍ഷിയില്‍, ട്രംപിന് 54% മുതല്‍ 46% വരെയാണ് വാതുവെപ്പുകാര്‍ പ്രവചിക്കുന്നത്.

ക്രിപ്റ്റോ അധിഷ്ഠിത വാതുവെപ്പ് പ്ലാറ്റ്ഫോമായ പോളിമാര്‍ക്കറ്റിലും ട്രംപ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ട്രംപ് ഇപ്പോഴും പ്രിയങ്കരനാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഹാരിസിന്റെ 42.2% മായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 58% ആണ് ട്രംപിന്റെ ലീഡ്. ട്രംപും എലോണ്‍ മസ്‌ക്കും ഈ നമ്പരുകള്‍ക്ക് വലിയ പ്രചാരവും നല്‍കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വരെ ട്രംപിന് ഭീകരമായ ആധിപത്യമായിരുന്നു ബെറ്റിങ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്. 65-35 എന്ന നിലയില്‍ അദ്ദേഹം മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴും മേധാവിത്വം തുടരുന്നുണ്ടെങ്കിലും ആ വലിയ ലിഡിലുണ്ടായ ഇടിവ് അദ്ദേഹത്തിന് തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പ് വാതുവയ്പ്പ് വിപണിയിലെ ഹാരിസിന്റെ കുതിച്ചുചാട്ടത്തിന് കാരണമായത് അയോവയിലെ സര്‍വേ ഫലമാണ്. ഇവിടെ ട്രംപിനെ ഹാരിസ് അട്ടിമറിക്കുമെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് വലിയ ചലനങ്ങള്‍ സംഭവിച്ചത്. 2016ലും 2020ലും മുന്‍ പ്രസിഡന്റ് മുന്നേറ്റം നടത്തിയ ഒരു സംസ്ഥാനത്ത് ട്രംപിനെക്കാള്‍ (47%- 44%) ഞെട്ടിക്കുന്ന മൂന്ന് പോയിന്റ് ലീഡ് നേടിയെന്ന് ഡെസ് മോയിന്‍സ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച സെല്‍സറിന്റെ വോട്ടെടുപ്പ് പറയുന്നു.

അതമേയം എമേഴ്സണ്‍ കോളേജ് ട്രംപിന് 53%-43%-ന് ലീഡ് നല്‍കുന്നു. അയോവയ്ക്കായി ഏറ്റവും കൃത്യമായ ചില സംഖ്യകള്‍ പ്രസിദ്ധീകരിച്ച സെല്‍സറിന്റെ സമീപകാല ചരിത്രം സൂചിപ്പിക്കുന്നത് മത്സരം വാതുവെപ്പുകാര്‍ ആദ്യം പ്രവചിച്ചതിനേക്കാള്‍ കടുത്തതായിരിക്കും എന്നാണ്.