ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് അനുകൂലം. 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു കഴിഞ്ഞു. ഓക്ലഹോമ, മിസ്സിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇൻഡിയാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരലൈന, ഫ്ലോറിഡ, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിങ്, ലുയീസിയാന, ഒഹായോ, നെബ്രാസ്ക, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.
അതേസമയം, ന്യൂ ജേഴ്സി, മാസചുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോൺട്, മേരിലാൻഡ്, കണക്റ്റികട്ട്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ ആറിടത്തും ട്രംപാണ് മുന്നിൽ.
അരിസോന, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുകയാണ്. നോർത്ത് കാരോലൈനയിൽ ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം. മിഷിഗണിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. നേവാഡയിലെ ഫലസൂചനകൾ ഇനിയും പുറത്തുവരാനുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറൽ വോട്ടുകൾ വേണം.
127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപിന് സ്വന്തമാകുക. ഇത്തവണ പോളിംഗ് ശതമാനം റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ.