അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കാനില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിന്‍ക്ലയര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെതിരെ ശക്തമായ മത്സരമാണ് ട്രംപ് ഇക്കുറി നേരിടുന്നത്. ഇരുവരും തമ്മില്‍ ഒന്നിച്ച് നടന്ന ആദ്യഘട്ട സര്‍വ്വേയിലും കമലാ ഹാരിസിനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് സര്‍വ്വേകള്‍ പറയുന്നത്.
അതേസമയം, രണ്ടാം സംവാദത്തിനുള്ള ക്ഷണം ഡോണള്‍ഡ് ട്രംപ് നിരസിച്ചു. പരാജയ ഭീതിമൂലമാണ് ട്രംപ് സംവാദത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസുമായി രണ്ടാമതും സംവാദം നടത്താന്‍ സിഎന്‍എന്‍ ആണ് ഡോണാള്‍ഡ് ട്രംപിനെ ക്ഷണിച്ചത്. എന്നാല്‍, കമല ക്ഷണം സ്വീകരിച്ചപ്പോള്‍ ട്രംപ് നിരസിക്കുകയായിരുന്നു.