അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി വാഷിങ്ടന്‍ ഡിസിയില്‍ വന്‍ റാലി നടത്തി ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞയ്ക്കു മുൻപായി നടന്ന വിജയറാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. താന്‍ പ്രസിഡന്റായി അധികാരത്തിലെത്തുന്നതോടെ അമേരിക്ക നേരിടുന്ന ഓരോ പ്രതിസന്ധിക്കും ഇന്നുവരെയില്ലാത്ത വേഗത്തിലും ശക്തിയും പരിഹാരമുണ്ടാകുമെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.
രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് പിന്നാലെ തിങ്കളാഴ്ച 200-ലധികം എക്സിക്യൂട്ടീവ് നടപടികളിൽ ഒപ്പിടാൻ ട്രംപ് തയ്യാറെടുക്കുകയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ‘അമേരിക്കൻ ജനത നമുക്ക് അവരുടെ വിശ്വാസം നൽകി, അതിനു പകരമായി, നമ്മള്‍ അവർക്ക് ഏറ്റവും മികച്ച ആദ്യ ദിനവും ഏറ്റവും വലിയ ആദ്യ ആഴ്‌ചയും അമേരിക്കൻ ചരിത്രത്തിലെ ഏതൊരു പ്രസിഡന്റിന്റേയും ഏറ്റവും അസാധാരണമായ ആദ്യ 100 ദിവസങ്ങളും നൽകാൻ പോകുകയാണ്’ ട്രംപ് പറഞ്ഞു.
അതിർത്തി സുരക്ഷ, കൂട്ട നാടുകടത്തൽ, സർക്കാറിന്റെ വൈവിധ്യ സംരംഭങ്ങൾ പിൻവലിക്കൽ, 2021 ജനുവരി 6-ലെ യുഎസ് ക്യാപിറ്റൽ ആക്രമണ പ്രതികൾക്ക് മാപ്പ് നൽകൽ, എണ്ണ, വാതക ഉൽപ്പാദനം വർധിപ്പിക്കൽ, ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഡൊണാള്‍ഡ് ട്രംപ് ആദ്യ ദിനങ്ങളില്‍ തീരുമാനം എടുത്തേക്കുക.
പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ബൈഡൻ ഭരണകൂടത്തിൻ്റെ വിഡ്ഢിത്തപരമായ എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. തൻ്റെ പദ്ധതികൾ നടപ്പിലാക്കാൻ ട്രംപിന് വ്യക്തമായ അധികാരം അമേരിക്കന്‍ ജനത നൽകിയിട്ടുണ്ടെന്ന് ട്രംപും റാലിയില്‍ പങ്കെടുത്ത മറ്റ് നേതാക്കളും അഭിപ്രായപ്പെട്ടു. ബൈഡൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് കൂടുതലായി പരാമർശിക്കുന്നത് ട്രംപ് ഒഴിവാക്കി.
‘ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റാണ്. 75 ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഐതിഹാസികമായ രാഷ്ട്രീയ വിജയം ഞങ്ങൾ നേടി. നാളെ മുതൽ, ഞാൻ ചരിത്രപരമായ ശക്തിയോടെ പ്രവർത്തിക്കുകയും നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കുകയും ചെയ്യും.’ നിയുക്ത പ്രസിഡന്റ് പറഞ്ഞു.
ഞാൻ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കും. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യവും ഞാൻ അവസാനിപ്പിക്കും. ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുന്നത് തടയും. നമ്മള്‍ ഈ ലക്ഷ്യത്തിലേക്ക് വളരെ അധികം അടുത്തുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നമ്മുടെ അതിർത്തിയിലെ അധിനിവേശം എത്രയും വേഗം തടയാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ വ്യവസായി ഇലോണ്‍ മസ്കും ട്രംപിനൊപ്പം വേദി പങ്കിട്ടത് ശ്രദ്ധേയമായി. ‘ഞങ്ങൾ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു, ഈ വിജയം യഥാർത്ഥത്തിൽ ഒരു തുടക്കമാണ്. എന്നെന്നേക്കുമായി അമേരിക്കയ്ക്ക് ശക്തമാകാൻ അടിത്തറ പാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. ” ട്രംപിൻ്റെ ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെൻ്റ് ചെയർമാന്‍ എന്ന പദവിയിലേക്ക് എത്തുന്ന മസ്‌ക് പറഞ്ഞു.