ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ്. ഫോക്സ് ന്യൂസിൻ്റെ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം ഡൊണാൾഡ് ട്രംപ് 277 ഇലക്ടറൽ വോട്ട് സ്വന്തമാക്കി കഴിഞ്ഞു. കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷത്തിനുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അബിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണാകലാണിതെന്ന് പറഞ്ഞു.
റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. വിധി നിർണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.
ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. കമലക്ക് ജയിക്കണമെങ്കിൽ പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ പിടിക്കണമായിരുന്നു. എന്നാൽ, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപ് മുന്നേറുകയാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോർജിയ സ്‌റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.
വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.