ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: രാജ്യത്ത് സമൂല മാറ്റം വാഗ്ദാനം ചെയ്താണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2015-ല്‍ വിജയത്തിലേക്ക് കുതിച്ചത്. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷം ജനരോഷത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയായി ട്രൂഡോ മാറിയിരിക്കുകയാണ്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഉന്നത കാബിനറ്റ് മന്ത്രിയുടെ രാജിയലിലേക്ക് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്.

ധനമന്ത്രിയും ദീര്‍ഘകാല ട്രൂഡോ അനുയായിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ പെട്ടെന്നുള്ള രാജിയും തന്റെ ബോസിനെ പരസ്യമായി ശാസിച്ചു രംഗത്തുവന്നതും കനേഡിയന്‍മാരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. സ്ഥിരതയ്ക്ക് പേരുകേട്ട ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ കൂടുതല്‍ അസ്ഥിരമാക്കിയിരിക്കുകയാണ് മന്ത്രിയുടെ രാജി. സ്ഥാനമൊഴിയാന്‍ ട്രൂഡോയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പിടി കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു എന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കാനഡയിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിമാരില്‍ ഒരാളായ പിയറി ട്രൂഡോയുടെ മൂത്ത മകനും മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായ ജസ്റ്റിന്‍ ട്രൂഡോ 2015-ല്‍ തന്റെ ലിബറല്‍ പാര്‍ട്ടി നിര്‍ണായ പാര്‍ലമെന്ററി ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളായ ട്രൂഡോ ആഗോളതലത്തില്‍ കാനഡയുടെ പുരോഗമന മൂല്യങ്ങളുടെ പോസ്റ്റര്‍ ബോയ് ആയി മാറിയിരുന്നു.

യുഎസ് പ്രസിഡന്റിന്റെ ആദ്യ ടേമില്‍ ട്രംപിന് വിരുദ്ധമായി പ്രവര്‍ത്തിച്ചും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞഇരുന്നു. ട്രൂഡോ 2019-ലും 2021-ലും തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു, എന്നാല്‍ രാഷ്ട്രീയ അഴിമതികള്‍, വാഗ്ദാന ലംഘനങ്ങള്‍, സമ്പദ്വ്യവസ്ഥ എന്നിവയില്‍ കനേഡിയന്‍മാര്‍ നിരാശരായതിനാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി ക്രമാനുഗതമായി കുറഞ്ഞു. ട്രൂഡോയും ഒരു ഉരുക്ക് തൊഴിലാളിയും തമ്മിലുള്ള വാക്കു തര്‍ക്കത്തിന്റെ വൈറല്‍ വീഡിയോ, ട്രൂഡോയോട് പല കാനഡക്കാര്‍ക്കും തോന്നിയ വര്‍ദ്ധിച്ചുവരുന്ന നീരസം ഉള്‍ക്കൊള്ളുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് ചരിത്രപരമായി സുരക്ഷിതമായ രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ ട്രൂഡോയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ആക്കം കൂട്ടി. ഇതോടെ ട്രൂഡോയുടെ കോക്കസിലെ ചിലര്‍ അദ്ദേഹത്തെ മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ജനപ്രീതിയില്ലാത്തതിന്റെ സൂചനയായി, കൂടുതല്‍ കനേഡിയന്‍മാര്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ ട്രൂഡോയെക്കാള്‍ മികച്ചതായി കണക്കാക്കുന്നു. സമീപകാല വോട്ടെടുപ്പുകളില്‍ ട്രംപിന് 26% പിന്തുണ ലഭിച്ചപ്പോള്‍ ട്രൂഡോയ്ക്ക് 23% പിന്തുണയാണ് ലഭിച്ചത്. 2020 നവംബറില്‍ ട്രംപിനെക്കുറിച്ച് അവസാനമായി കാനഡക്കാര്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ 11% പേര്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്.

ധനമന്ത്രി ഫ്രീലാന്‍ഡ് വാര്‍ഷിക സാമ്പത്തിക അപ്ഡേറ്റ് നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തന്റെ സ്ഥാനം രാജിവച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയെ കാനഡ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ട്രൂഡോ തന്നെ തരംതാഴ്ത്താന്‍ ശ്രമിച്ചുവെന്ന് ഫ്രീലാന്‍ഡ് പറഞ്ഞതിന് ശേഷമായിരുന്നു അവരുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.

ഏകദേശം 40 ദശലക്ഷം ആളുകള്‍ വസിക്കുന്ന കാനഡ, അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്. ട്രൂഡോയുടെ പിന്‍ഗാമിയായി പണ്ടേ കണ്ടിട്ടുള്ള ഫ്രീലാന്‍ഡ്, താനും പ്രധാനമന്ത്രിയും കാനഡയുടെ ഏറ്റവും മികച്ച പാതയെക്കുറിച്ച് അഭിപ്രായവ്യത്യാസത്തിലായതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രാജിക്കത്തില്‍ പറഞ്ഞു.

രണ്ട് മാസത്തെ സെയില്‍സ് ടാക്സ് ഹോളിഡേയും മിക്ക തൊഴിലാളികള്‍ക്കും 250 കനേഡിയന്‍ ഡോളര്‍ (175 യുഎസ് ഡോളര്‍) റിബേറ്റുകളും സംബന്ധിച്ച് ഇരുവരും അഭിപ്രായ വ്യത്യാസത്തിലായിരുന്നു. വോട്ടര്‍മാരെ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളായി പരക്കെ വിശ്വസിച്ചിരുന്ന നയങ്ങളായിരുന്നു ഇവ. രാജ്യം ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും 25 ശതമാനം താരിഫുകളുടെ ഭീഷണി ഉള്‍പ്പെടെയുള്ള ആക്രമണാത്മക സാമ്പത്തിക ദേശീയതയുടെ നയമാണ് യുഎസില്‍ വരാനിരിക്കുന്ന ഭരണകൂടം പിന്തുടരുന്നതെന്നും ഫ്രീലാന്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. വരാനിരിക്കുന്ന വ്യാപാര യുദ്ധത്തിന് ആവശ്യമായ കരുതല്‍ തന്റെ പക്കലുണ്ട് എന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

താന്‍ പാര്‍ലമെന്റില്‍ തുടരുമെന്നും വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദി ഫിനാന്‍ഷ്യല്‍ ടൈംസ്, റോയിട്ടേഴ്സ്, ഗ്ലോബ് ആന്‍ഡ് മെയില്‍ എന്നിവയുടെ മുന്‍ ജേണലിസ്റ്റായ ഫ്രീലാന്‍ഡ്, ആദ്യ ട്രംപ് ഭരണകൂടവുമായി പ്രധാന സംഭാഷകയായിരുന്നു. യുഎസ്-മെക്‌സിക്കോ-കാനഡ ഉടമ്പടിയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും അവരായിരുന്നു.

അവരുടെ രാജി, അമേരിക്കന്‍ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ ഒരു വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തുല്യമാണ് എന്ന്് മക്ഗില്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ടാരി അജാദി പറഞ്ഞു. അവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അടിസ്ഥാനപരമായി വിയോജിക്കുന്നതിനാല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് അവര്‍ക്ക് ബോധ്യമുള്ളതിനാലാണ് ഈ നീക്കം എന്നും രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം താന്‍ പ്രധാനമന്ത്രിയായി തുടരുമെന്ന തീരുമാനത്തില്‍ ട്രൂഡോ ഉറച്ചുനില്‍ക്കുകയാണ്. ഫ്രീലാന്‍ഡിന്റെ വിടവാങ്ങല്‍ ട്രൂഡോയുടെ സ്വന്തം പാര്‍ട്ടിക്കുള്ളിലെ വിള്ളലുകള്‍ തുറന്നുകാട്ടുന്നതാണ്. ഇതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ സ്വന്തം കോക്കസിനെ കൂടുതല്‍ ധൈര്യപ്പെടുത്തുകയും ചെയ്തുവെന്നും വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റിലെ കുറഞ്ഞത് ഏഴ് ലിബറല്‍ അംഗങ്ങളെങ്കിലും ട്രൂഡോയോട് സ്ഥാനമൊഴിയാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൂടുതല്‍ പേരും സ്വകാര്യമായി അങ്ങനെ ആവശ്യപ്പെട്ടതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ മൂന്ന് പ്രതിപക്ഷ നേതാക്കളും ട്രൂഡോയുടെ വിടവാങ്ങലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നതും ശ്രദ്ധേയമാണ്.