ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് വെടിയേറ്റതിൽ സീക്രട്ട് സർവീസിന്റെ പരാജയം സമ്മതിച്ച് ഡയറക്ടർ കിംബർലി ചീയറ്റിൽ. ജനപ്രതിനിധി സഭാസമിതിക്ക് മുന്നിൽ മൊഴി നൽകിയ കിംബർലി രാജി വയ്ക്കണമെന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികളുടെ ആവശ്യം തള്ളി. സെനറ്റ് അംഗമായ മിച്ച് മക്കോണൽ, ജോൺസൺ അടക്കമുള്ളവരാണ് കിംബർലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. 

തിങ്കളാഴ്ചയാണ് ജനപ്രതിനിധികൾക്ക് മുമ്പാകെ കിംബർലി എത്തിയത്. പതിറ്റാണ്ടുകൾക്കിടയിൽ തങ്ങളുടെ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ്  ജൂലൈ 13ന് പെനിസിൽവാനിയയിൽ ഉണ്ടായതെന്നാണ് കിംബർലി വിശദമാക്കിയത്. മുൻ പ്രസിഡന്റിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നും കിംബർലി വിശദമാക്കി. ട്രംപിന് ആവശ്യമായ സുരക്ഷ നൽകാൻ ഏജൻസി തയ്യാറായില്ലെന്നാണ് റിപ്പബ്ലിക്കൻ പ്രതിനിധികൾ സഭാസമിതിയിൽ ആരോപിച്ചത്. 

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രംപിന് സുരക്ഷ വർധിപ്പിച്ചിരുന്നതായും കിംബർലി വിശദമാക്കി. സഭാസമിതിയുടെ ആദ്യ ഹിയറിംഗാണ് തിങ്കളാഴ്ച നടന്നത്. സീക്രട്ട് സർവ്വീസിന് ആയിരക്കണക്കിന് ജീവനക്കാരും ആവശ്യത്തിന് ബഡ്ജറ്റുമുണ്ടെങ്കിലും കഴിവില്ലായ്മയുടെ മുഖമായി സീക്രട്ട് സർവ്വീസ് മാറിയെന്നാണ് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ ആരോപിച്ചത്. 

ജൂലൈ 13ന് പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്സ് എന്ന അക്രമിയെ സുരക്ഷാ സേന വെടിവച്ച് വീഴ്ത്തിയിരുന്നു. ഇരുപതുകാരനായ അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയിൽ പരിക്കേൽപ്പിച്ചിരുന്നു.