- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണ്. കാനഡയെ യുഎസിലെ 51 ാം സംസ്ഥാനമാക്കുന്നതിനുള്ള തീവ്രയത്‌നത്തിലാണ് ട്രംപ്. ഏറ്റവുമൊടുവിലായി കാനഡയെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. വടക്കന്‍ അയല്‍ക്കാരനോടുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
കാനഡയെ യുഎസിലേക്ക് കൊണ്ടുവരാന്‍ ‘സാമ്പത്തിക ശക്തി’ ഉപയോഗിക്കണമെന്ന് അദ്ദേഹം മുമ്പ് നിര്‍ദ്ദേശിച്ചതും വലിയ വിവാദമായിരുന്നു. ട്രംപിന്റെ പ്രസ്താവനയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കടുത്ത രീതിയില്‍ അപലപിക്കുകയും ചെയ്തിരുന്നു. ഫ്‌ലോറിഡയിലെ തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ വച്ച് കാനഡയെ കൂട്ടിച്ചേര്‍ക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ട്രംപ് അത് ശക്തമായി നിഷേധിച്ചു.
ഇക്കാര്യം നിഷേധിച്ച ട്രംപ് കാനഡ യുഎസിലെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന തന്റെ ആഗ്രഹം ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, യുഎസിനും കാനഡയ്ക്കും ഇടയിലുള്ള ‘കൃത്രിമമായി വരച്ച രേഖ’ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദേശീയ സുരക്ഷയുടെ കാര്യത്തില്‍, ഈ നീക്കം ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
‘കാനഡയും അമേരിക്കയും, അത് ശരിക്കും ഒന്നായിരിക്കും. കൃത്രിമമായി വരച്ച ആ രേഖ ഒഴിവാക്കി അത് എങ്ങനെയിരിക്കുമെന്ന് നോക്കൂ, അത് ദേശീയ സുരക്ഷയ്ക്കും വളരെ നല്ലതായിരിക്കും. മറക്കരുത്, അടിസ്ഥാനപരമായി ഞങ്ങള്‍ കാനഡയെ സംരക്ഷിക്കുന്നു.’- എന്നാണ് ട്രംപ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്.
കാനഡയെ സംരക്ഷിക്കുന്നതില്‍ അമേരിക്ക വഹിക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും ട്രംപ് എപ്പോഴും ഊന്നിപ്പറയുന്നു. വടക്കന്‍ അയല്‍ക്കാരെ യുഎസ് ഇനി സാമ്പത്തികമായി പിന്തുണയ്ക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. ‘എനിക്ക് കനേഡിയന്‍ ജനതയെ ഇഷ്ടമാണ്, അവര്‍ മികച്ചവരാണ്.’ ‘പക്ഷേ, അത് സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണ്.’ ട്രംപ് പറഞ്ഞു.
കാറുകളും തടിയും ഉള്‍പ്പെടെയുള്ള കാനഡയുടെ വ്യാപാരത്തെ യുഎസ് ഇനി ആശ്രയിക്കരുതെന്നും ട്രംപ് വാദിക്കുന്നു. ഇതിന് മറുപടിയായി, കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ട്രൂഡോ, ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ നിശിതമായി നിരസിച്ചു രംഗത്തുവന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സില്‍ ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തുകയും ചെയ്തു. ‘കാനഡ അമേരിക്കയുടെ ഭാഗമാകാന്‍ ഒരു സാധ്യതയുമില്ല’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു, ഇരു രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്കും സമൂഹങ്ങള്‍ക്കും വ്യാപാരത്തിലും സുരക്ഷയിലുമുള്ള അവരുടെ അടുത്ത ബന്ധങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നുവെന്നും സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘നമ്മുടെ രണ്ട് രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്കും സമൂഹങ്ങള്‍ക്കും പരസ്പരം ഏറ്റവും വലിയ വ്യാപാര, സുരക്ഷാ പങ്കാളിയാകുന്നതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എഴുതി.
അതിനിടെ ട്രൂഡോ മന്ത്രിസഭയിലെ ധനമന്ത്രിയും ട്രംപിന്റെ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നു. നിയുക്ത യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ഇനിയും തമാശയായി കാണാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തും പറയാമെന്ന ട്രംപിന്റെ ലൈസന്‍സിനെതിരേ കൂടിയാണ് കാനഡയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍. അത് എങ്ങനെ വികസിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ ചെയ്യണം.