- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ഉടക്കിയത് ചരിത്രമാണ്. അന്ന് പെന്‍സിനെ ‘തിന്നാനുള്ള’ ദേഷ്യമായിരുന്നു മുന്‍ പ്രസിഡന്റിന്. എന്നാല്‍ ഇപ്പോള്‍ പെന്‍സിനെ അവഹേളിച്ചു എന്നു പറഞ്ഞെത്തിയ ട്രംപിനെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു നിര്‍ത്തി പൊരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം ആരോപണത്തിന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ‘വയസന്‍’ ട്രംപിന് ഓര്‍മ്മക്കുറവാണെന്ന് പരിഹസിച്ച് കമലയുടെ ക്യാമ്പെയിനും രംഗത്തു വന്നതോടെ ‘പെട്ടു’ പോയ അവസ്ഥയിലാണ് സാക്ഷാല്‍ ട്രംപ്.
ജനുവരി 6 ലെ കലാപത്തില്‍ പെന്‍സിനെ തൂക്കിലേറ്റണമെന്നാണ് ട്രംപിന്റെ ആരാധകര്‍ ആക്രോശിച്ചത്. ആ പെന്‍സിനോടാണ് കമലാ ഹാരിസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചതിന് ട്രംപ് രംഗത്തുവന്നിരിക്കുന്നത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, റിപ്പബ്ലിക്കന്‍ നോമിനി ഈ അഭിപ്രായങ്ങള്‍ നടത്തിയത്. പ്രസിഡന്റായിരുന്ന കാലത്ത് ട്രംപ് അദ്ദേഹത്തെ യുഎസ് സുപ്രീം കോടതിയില്‍ ജസ്റ്റിസായി നാമനിര്‍ദ്ദേശം ചെയ്തതിന് ശേഷം സെനറ്റ് സ്ഥിരീകരണ ഹിയറിംഗുകള്‍ക്കിടെ ബ്രെറ്റ് കവനോവിനെതിരേ ഹാരിസ് 2018-ലെ ക്രോസ് വിസ്താരവും എടുത്തുപറഞ്ഞായിരുന്നു ട്രംപിന്റെ ആക്രമണം.
‘അവര്‍ക്ക് ധാരാളം കുറവുകളുണ്ടെന്ന് അവര്‍ പറയുന്നു, പക്ഷേ അവര്‍ ഒരു മോശം വ്യക്തിയാണ് എന്നാണ് ട്രംപ് അഭിമുഖം നടത്തിയ മാര്‍ക്ക് ലെവിനോട് പറഞ്ഞത്. അവര്‍ മൈക്ക് പെന്‍സിനോട് പെരുമാറിയ രീതി ഭയാനകമായിരുന്നു. അവര്‍ ജനങ്ങളോട് പെരുമാറുന്ന രീതി ഭയങ്കരമാണ്. ആ ഹിയറിംഗില്‍ അവര്‍ ജസ്റ്റിസ് കവനോവിനെ കൈകാര്യം ചെയ്ത രീതി, കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍, ആരും ആരോടും അങ്ങനെ പെരുമാറിയിട്ടില്ല. എന്നിങ്ങനെ പോകുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനങ്ങള്‍.
ട്രംപിന്റെ വാക്കുകള്‍ക്ക് ഹാരിസിന്റെ ക്യാമ്പെയിന്‍ ടീമിന്റെ ഭാഗത്തു നിന്ന് രൂക്ഷമായി പ്രതികരണമാണ് ഉണ്ടായത്. ഇത് ട്രംപിന്റെ പ്രായവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന്റെ ഉദാഹരണമായി വ്യാഖ്യാനിക്കുകയും ചെയ്താണ് അവര്‍ തിരിച്ചടിച്ചത്. ജോ ബൈഡന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 78 വയസുകരാനായ മുന്‍ പ്രസിഡന്റ് മാറി. അദ്ദേഹത്തിന്റെ മാനസിക തകര്‍ച്ച തുറന്നു കാട്ടുന്നതാണ് അഭിപ്രായപ്രകടനം എന്നാണ് ഹാരിസ് ക്യാമ്പെയിന്‍ ചൂണ്ടിക്കാട്ടുന്നത്.
”ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായി ഒന്നും ഓര്‍മയില്ല. എല്ലാ അമേരിക്കക്കാരും ഈ കാപട്യവും വാര്‍ദ്ധക്യവും നിറഞ്ഞ നിമിഷം കാണുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീട്വീറ്റ് ചെയ്യുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് അവര്‍ ഇതിന്റെ വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെ ട്രംപ് പ്രതിരോധത്തിലായി. യഥാര്‍ത്ഥത്തില്‍ ഹാരിസും പെന്‍സും തമ്മിലുള്ള 2020 ലെ വൈസ് പ്രസിഡന്റ് ചര്‍ച്ചയാകാം ട്രംപ് ലക്ഷ്യമിട്ടത് എന്നാണ് പൊതുവേ വിലയിരുത്തുന്നത്. നിലവിലെ ഡെമോക്രാറ്റിക് നോമിനി തന്റെ എതിരാളിയോട് ”ഞാന്‍ സംസാരിക്കുന്നു” എന്ന് ക്ഷുഭിതയായി പറഞ്ഞിരുന്നു. തന്റെ വാദം മുന്നോട്ടു വയ്ക്കുന്നത് തടയാന്‍ പെന്‍സ് ശ്രമിച്ചപ്പോഴായിരുന്നു കമല പൊട്ടിത്തെറിച്ചത്.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം, പെന്‍സിനോട് ട്രംപ് നടത്തിയ കുപ്രസിദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങള്‍ പലരും പോസ്റ്റ് ചെയ്തു. പെന്‍സ് അകത്തുള്ളപ്പോള്‍ യുഎസ് ക്യാപിറ്റല്‍ ആക്രമിക്കാന്‍ ജനക്കൂട്ടം എത്തുകയായിരുന്നു. അന്ന് തിരഞ്ഞെടുപ്പ് ഫലം സാധൂകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വൈസ് പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു.
”എന്ത്? അവള്‍ അവനെ പി-വേഡ് എന്ന് വിളിക്കുകയും ‘ഹാംഗ് മൈക്ക് പെന്‍സ്’ എന്ന് ആക്രോശിച്ച അക്രമാസക്തരായ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ചെയ്‌തോ? അങ്ങനെ ചെയ്താല്‍, അവര്‍ ഒരുപക്ഷേ മത്സരത്തില്‍ നിന്ന് പുറത്തുപോയേക്കാം.- സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട്, മദര്‍ ജോണ്‍സിനൊപ്പം പത്രപ്രവര്‍ത്തകനായ ഡേവിഡ് കോണ്‍ എഴുതി.
2021 ജനുവരി 6 ലെ ക്യാപിറ്റല്‍ ആക്രമണത്തിന്റെ പ്രഭാതത്തില്‍, ട്രംപ് പെന്‍സിനോട് പറഞ്ഞു: ‘ഒന്നുകില്‍ നിങ്ങള്‍ക്ക് ഒരു ദേശസ്‌നേഹിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചരിത്രത്തില്‍ ഒരു പു…യായി മാറാം’. മോശം പദ പ്രയോഗത്തിലൂടെ അന്ന് ട്രംപ് സ്ന്തം വൈസ് പ്രസിഡന്റിനെ അപമാനിച്ചു എന്ന് ജനം വിലയിരുത്തുകയും ചെയ്തു. പെന്‍സിന്റെ രക്തത്തിനായി ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍, ”മൈക്ക് പെന്‍സ് അത് അര്‍ഹിക്കുന്നു” എന്നാണ് ട്രംപ് സഹായികളോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം, മുന്‍ വൈസ് പ്രസിഡന്റ് – തന്റെ നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രൈമറിയില്‍ മത്സരിക്കുന്ന സമയത്ത്, ട്രംപ് പെന്‍സിനെതിരായ ആക്രമണം വീണ്ടും നടത്തി. അദ്ദേഹത്തിന്റേത് ‘വ്യാമോഹം’ ആണെന്നും പെന്‍സ് ‘വളരെ നല്ല വ്യക്തിയല്ല’ എന്നു വിശേഷിപ്പിച്ചും അപഹസിച്ചിരുന്നു.
അമേരിക്കയിലെ പരമോന്നത കോടതിയിലേക്ക് ട്രംപ് നിയമിച്ച മൂന്ന് യാഥാസ്ഥിതിക ജസ്റ്റിസുമാരില്‍ ഒരാളായ കവനോയുമായുള്ള ഹാരിസിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം 2018 ലെ സംഭവവുമായി ബന്ധപ്പെട്ടതാണ്. ഹാരിസ് സെനറ്ററായിരിക്കുമ്പോള്‍ നടന്ന 2018 സ്ഥിരീകരണ ഹിയറിംഗില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ഹാരിസിന്റെ ചോദ്യമായിരുന്നു വിഷയം.
‘പുരുഷ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഏതെങ്കിലും നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ?’ എന്നാണ് ഹാരിസ് കവനോവിനോട് ചോദിച്ചത്. ചോദ്യം കൂടുതല്‍ കൃത്യമാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഹാരിസ് ചോദ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍, 2022-ല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഒരു സ്ത്രീയുടെ നിയമപരമായ അവകാശത്തെ അടിച്ചമര്‍ത്തുന്ന സുപ്രധാന വിധിക്ക് അനുകൂലമായി വോട്ട് ചെയ്ത ആറ് സുപ്രീം കോടതി ജസ്റ്റിസുമാരില്‍ ഒരാളായ കവനോവ് പ്രതിരോധത്തിലായിരുന്നു. തനിക്ക് ”ഇപ്പോള്‍” അതേക്കുറിച്ച് ഒന്നും ചിന്തിക്കാന്‍ കഴിയില്ലെന്ന് നിര്‍ത്തി സമ്മതിച്ചു. ഹാരിസ് ആകട്ടെ തന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പെയ്നില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
2020ലെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാനുള്ള ശ്രമത്തില്‍ ഇടപെടാന്‍ തനിക്ക് എല്ലാ അവകാശവും ഉണ്ടെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് ആവകാശപ്പെട്ടതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ”പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് നിങ്ങള്‍ കുറ്റാരോപിതനാകുമെന്ന് ആരാണ് പറഞ്ഞത്. അവിടെ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ എല്ലാ അവകാശവുമുണ്ട്,” അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഇച്ഛയെ മറികടന്ന് വിജയം അവകാശപ്പെടാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് ഒബാമ ഭരണകാലത്ത് മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറും യുഎസ് അറ്റോര്‍ണിയുമായ ജോയ്സ് വാന്‍സ് എക്സില്‍ പോസ്റ്റ് കുറിച്ചു.