വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്‍റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കാറിലുണ്ടായിരുന്ന നാലുപ്രതികളിൽ രണ്ട് പേരാണ് ഇപ്പോൾ കസ്റ്റഡിലുള്ളത്. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ട് പേരെ പിടികൂടാനായിട്ടില്ല. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.

സംഭവം നടക്കുമ്പോൾ ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത് എന്ന് നേരത്തേ വ്യക്തമായിരുന്നു. ഇവർക്കായി ഇന്നലെ മുതൽ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒളിവിലുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. 

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.