രണ്ട് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. സ്റ്റേജില്‍ പരേഡ് നടത്തിയ ശേഷമാണ് തല്‍ ഷോഹാമിനെയും അവെരു മെങ്കിസ്റ്റുവിനെയും റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളെ വഹിച്ചുള്ള വാഹനവ്യൂഹം ഗാസയില്‍ നിന്ന് പുറപ്പെട്ടു. ബന്ദികള്‍ ഇപ്പോള്‍ ഗാസ മുനമ്പില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

ഹമാസും ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിലെ അവസാനത്തെ ബന്ദി കൈമാറ്റമാണിത്. നാല് പേരെ കൂടി ഈ ഘട്ടത്തില്‍ ഹമാസ് ഇസ്രയേലിന് കൈമാറേണ്ടതുണ്ട്. എലിയ കോഹന്‍, ഒമര്‍ ഷെം ടോവ്, ഒമര്‍ വെങ്കര്‍ട്ട്, ഹിഷാം അല്‍ സയീദ് എന്നിവരെയാണ് ഇനി മോചിപ്പിക്കേണ്ടത്. 

ആറ് ബന്ദികള്‍ക്ക് പകരമായി ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ നിന്ന് പിടികൂടിയ 600 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും. ടെല്‍ അവീവിലെ ഹോസ്‌റ്റേജസ് സ്‌ക്വയറില്‍ നൂറുകണക്കിന് ആളുകള്‍ ബന്ദി മോചനത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ വീക്ഷിച്ചു.