ജനുവരി ഏഴിന് നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽനിന്ന് രണ്ട് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി. വിൻസെൻഷ്യ മരിയ നാൻക്വോയെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോലിയെയും ആണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്.

“ഒഗ്ബോജിയിൽ വൊക്കേഷണൽ അസോസിയേഷന്റെ മീറ്റിംഗിൽനിന്ന് മടങ്ങുമ്പോൾ ഉഫുമ റോഡിൽവച്ചാണ് അവരെ തട്ടിക്കൊണ്ടുപോയത്. അവർ എത്രയും വേഗം മോചിപ്പിക്കപ്പെടുകയും സുരക്ഷിതരായി ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു” – സിസ്റ്റർ മരിയ സോബെന്ന ഇക്കിയോട്യുണി പറയുന്നു.

സി. വിൻസെൻഷ്യ മരിയ, ആർച്ച്ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂൾ ഉഫുമയുടെ പ്രിൻസിപ്പലാണ്. സി. ഗ്രേസ് മാരിയറ്റ്, ഇമ്മാക്കുലേറ്റ ഗേൾസ് മോഡൽ സെക്കൻഡറി സ്കൂൾ നെവിയിലെ അധ്യാപികയുമാണ്.

നൈജീരിയയിൽ വർഷങ്ങളായി പുരോഹിതന്മാരെയും സന്യാസിനിമാരെയും സ്ത്രീകളെയും പുരുഷന്മാരെയും ലക്ഷ്യംവച്ചുള്ള നിരവധി തട്ടിക്കൊണ്ടു പോകലുകൾ നടക്കുന്നു. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ കൊലപാതകം എന്നിവ ഇവിടെ വ്യാപകമാണ്. നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയാണ്.