കുവൈറ്റ് സിറ്റി: പാലത്തില്‍ കുടുങ്ങിയ വാഹനം നീക്കുന്നതിനിടെ പോലീസ് വാഹനത്തിന് പ്രവാസിയുടെ കാറിടിച്ച് രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ സല്‍വ പ്രദേശത്ത് ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം പോലിസ് പട്രോളിംഗ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സല്‍വയ്ക്ക് സമീപമുള്ള പാലത്തില്‍ വച്ച് കേടായ വാഹനം നീക്കം ചെയ്യിക്കുന്നതിനായി എത്തിയതായിരുന്നു പോലിസ് ഉദ്യോഗസ്ഥര്‍.

പട്രോള്‍ വാഹനത്തില്‍ ഇടിച്ച കാര്‍ അമിത വേഗതയിലാണ് വന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയെങ്കിലും മിനിറ്റുകള്‍ക്കകം വാഹനം പിടികൂടിയതായും പോലിസ് അറിയിച്ചു. പ്രവാസിയാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ വാഹനത്തില്‍ വച്ചു തന്നെ പോലിസ് പിടികൂടി. സംഭവ സമയത്ത് ഇയാള്‍ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പ്രവാസി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞ പോലിസ് ഏതാനും മിനുട്ടുകള്‍ക്കകം അത് കണ്ടെത്തി തടയുകയായിരുന്നു. പ്രതിയെ വാഹനത്തില്‍ നിന്നു തന്നെ പിടികൂടുകയും ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത് പ്രതി മയക്കുമരുന്ന് പദാര്‍ത്ഥം ഉപയോഗിച്ചിരുന്നത് കാരണം സ്വബോധം ഉണ്ടായിരുന്നില്ലെ എന്നാണെന്ന് പോലിസ് അറിയിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ അപകടത്തില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതില്‍ ആഭ്യന്തര മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ ധീരരായ വ്യക്തികളുടെ അസ്വാഭാവിക മരണത്തില്‍ പോലീസ് സേനയും രാജ്യവും വിലപിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ദാരുണമായ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇതേക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.