അബുദാബി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബജറ്റുമായി യുഎഇ. 2025 ലേക്കുള്ള 71.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന് യുഎഇ കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. 19.5 ബില്യണ്‍ ഡോളര്‍ വരുമിത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ‘യുഎഇ സമ്പദ്വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും പ്രതിഫലിപ്പിക്കുന്ന’ ബജറ്റിന് അംഗീകാരം ലഭിച്ചത്.
2024 ലെ ഫെഡറല്‍ ബജറ്റ് 64.06 ബില്യണ്‍ ദിര്‍ഹമായിരുന്നു. മുന്‍ വര്‍ഷത്തെ 63.066 ബില്യണ്‍ ദിര്‍ഹം ബജറ്റിനേക്കാള്‍ 1.6 ശതമാനം കൂടുതലായിരുന്നു അത്. 2022-ല്‍, 2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളിലേക്കുള്ള യുഎഇ മൊത്തം ഫെഡറല്‍ ബജറ്റ് 252.3 ബില്യണ്‍ ദിര്‍ഹം അനുവദിച്ചിരുന്നു.
2025-ല്‍ യുഎഇ ബജറ്റിന്റെ ഭൂരിഭാഗവും സാമൂഹിക വികസനത്തിനും പെന്‍ഷനുകള്‍ക്കും വേണ്ടിയാണ് ചെലവഴിക്കുക. ഏകദേശം 39 ശതമാനം ഇവയ്ക്കു വേണ്ടി മാറ്റിവയ്ക്കും. ബജറ്റിന്റെ 35.7 ശതമാനം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ചെലവഴിക്കും. ഇവയ്ക്കായി ഏകദേശം 25.57 ബില്യണ്‍ ദിര്‍ഹം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 27.859 ബില്യണ്‍ ദിര്‍ഹമാണ് സാമൂഹിക വികസന കാര്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ പൊതു, ഉന്നത വിദ്യാഭ്യാസ പരിപാടികള്‍ക്കായി 10.914 ബില്യണ്‍ ദിര്‍ഹം, ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക പ്രതിരോധ സേവനങ്ങള്‍ക്കുമായി 5.745 ബില്യണ്‍ ദിര്‍ഹം, സാമൂഹിക കാര്യങ്ങള്‍ക്കായി 3.744 ബില്യണ്‍ ദിര്‍ഹം, പെന്‍ഷനുകള്‍ക്കായി 5.709 ബില്യണ്‍ ദിര്‍ഹം, പൊതു സേവനങ്ങള്‍ക്ക് 1.746 ബില്യണ്‍ ദിര്‍ഹം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
2.864 ബില്യണ്‍ ദിര്‍ഹം അഥവാ മൊത്തം ബജറ്റിന്റെ നാലു ശതമാനം സാമ്പത്തിക നിക്ഷേപത്തിനും 2.581 ബില്യണ്‍ ദിര്‍ഹം അഥവാ 3.6 ശതമാനം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും സാമ്പത്തിക മേഖലയ്ക്കുമായി ചെലവഴിക്കും. മറ്റ് ഫെഡറല്‍ ചെലവുകള്‍ക്കായി 12.624 ബില്യണ്‍ ദിര്‍ഹം ആണ് മാറ്റിവച്ചിരിക്കുന്ന്ത. ഇത് ബജറ്റിന്റെ 17.7 ശതമാനം വരുമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇ ഗവണ്‍മെന്റിന്റെ മൂലധനച്ചെലവ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 50 ശതമാനത്തിലധികം വര്‍ധിച്ചു. രാജ്യം വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ 2025 അവസാനം വരെ ഇത് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024-ന്റെ ആദ്യ പാദത്തില്‍ ചെലവ് 5.6 ബില്യണ്‍ ദിര്‍ഹത്തിലെത്തി. ഇത് വര്‍ഷം തോറും ഏഴ് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.