വിദേശകുടിയേറ്റം കുത്തനെ ഉയരുന്ന കാലമാണിത്. സാമ്പത്തിക ഭദ്രത, മികച്ച വിദ്യാഭ്യാസം മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ പ്രതീക്ഷിച്ചിട്ടാണ് പലരും കുടിയേറ്റത്തിന് ഒരുങ്ങുന്നത്. ഈ ഓട്ടത്തിനിടിയിൽ വ്യാജപരസ്യങ്ങളിൽ കുടുങ്ങി ജീവിതം തന്നെ മറ്റ് രാജ്യങ്ങളിൽ ഒടുങ്ങി തീരേണ്ടി വരുന്നവർ നിരവധിയാണ്. ഇതേ രീതിയിൽ നിരവധി വിദ്യാർഥികൾ യുകെയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. വിസ തട്ടിപ്പിന്റെ ഭാഗമായി വലിയ തുകയും ഇവർക്ക് നഷ്ടമായി. അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഈ വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു.

ഇടനിലക്കരായ പ്രവർത്തിക്കുന്ന തട്ടിപ്പുകാർ കെയർഹോം രംഗത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ്. യുകെയിൽ എത്തുന്ന വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേരും ജോലിക്കായി ശ്രമിക്കുന്നത് കെയർ ഹോമുകളെയാണ്. ഇത്തരം കെയർഹോമുകളിലെ ജോലി മറ്റ് ജോലിക്കളെ അപേക്ഷിച്ച് ലഭിക്കാൻ എളുപ്പവും പഠനത്തോടൊപ്പം കൊണ്ടുപോവാനും പറ്റുന്നതാണ്. അതിനാൽ തന്നെ ഈ ജോലി ലഭിക്കാൻ നിരവധി പേർ ശ്രമിക്കാറുണ്ട്. യുകെയിൽ ഇത് വളരെ വിപുലമായൊകരു തൊഴിൽ മേഖലയാണ്. 2022ൽ 165000 ഒഴിവുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഒഴിവുകളുടെ വ്യാപ്തി കാരണം വിദേശവിദ്യാർഥികളെ കൂടെ ഈ തൊഴിൽ മേഖലയിലേക്ക് ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യ, നൈജീരിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരിൽ വലിയൊരു ശതമാനവും ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്.

17000 പൗണ്ട് വരെ പലരിൽ നിന്നും തട്ടിപ്പുകാർ തട്ടിയെടുത്തു. വിസ ലഭിക്കുമെന്ന് വാഗ്ദാനത്തിലാണ് പലരും ഏജന്റുമാർക്ക് പണം നൽകാൻ തയ്യാറായത്.സ്കിൽഡ് വർക്കർ വിസയ്ക്കായി അപേക്ഷിച്ചവരുടെ പേപ്പറുകൾ വിസ മന്ത്രാലയം നിരസിച്ചപ്പോഴാണ് പലരും തങ്ങൾക്ക് പറ്റിയ ചതി മനസിലാക്കുന്നത്.

38000 പൗണ്ട് പല ഏജന്റുകൾക്ക് നൽകി പറ്റിക്കപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലണ്ടിൽ നല്ലൊരു ജീവിതം കരുപിടിപ്പിക്കാമെന്ന് വിശ്വാസത്തിലാണ് ഇവർ ഈ അറ്റകൈ പ്രയോഗത്തിനിറങ്ങിയത്. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചുപോവാൻ പോലും ഒറ്റപ്പൈസ ബാക്കിയില്ലാതെയാണ് ഇവർ നിൽക്കുന്നത്. പലരും പട്ടിണിയുടെ പടുകുഴിയിലാണ്.

ഞാൻ ഇവിടെ കെണിയിലകപ്പെട്ടിരിക്കുകയാണ്. ഞാൻ നാട്ടിലേക്ക് തിരിച്ചുപോവുകയാണെങ്കിൽ എന്റെ വീട്ടുകാർ എനിക്ക് വേണ്ടി ചിലവഴിച്ച ലക്ഷങ്ങൾ പാഴാവും. എന്ത് ചെയ്യണമെന്ന് അറിയില്ല. കൈയിൽ മിച്ചമുണ്ടായിരുന്നു പണം മുഴുവൻ ഏജന്റിന് നൽകി– തട്ടിപ്പിനിരയായ വിദ്യാർത്ഥികളിലൊരാളെ ഉദ്ധരിച്ച് ബിബിസിയോട് പറയുന്നു.

2021ലാണ് 21 കാരിയായ നാദിയ യുകെയിലേക്ക് എത്തുന്നത്. കമ്പ്യൂട്ടർ സയൻസ് ബിരുദം പഠിക്കാനായി സ്റ്റുഡന്റ് വിസയിലാണ് അവർ ഇവിടേക്ക് എത്തുന്നത്.ഒരു വർഷത്തിന് ശേഷം ഫീസ് അടയ്ക്കാനായി ജോലി തേടാനായി ആരംഭിച്ചു. ഒരു സുഹൃത്ത് വഴി ഏജന്റിനെ പരിചയപ്പെട്ടു. 10000 പൗണ്ട് നൽകിയാൽ വിസരേഖകൾ ശരിയാക്കി തരാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. ഇതേ തുടർന്ന് നാദിയ അയാൾക്ക് പണം നൽകി. 

നിങ്ങളെന്റെ പെങ്ങളെ പോലെയാണ് അതിനാൽ അധിക തുക വാങ്ങില്ലെന്നാണ് അയാൾ പറഞ്ഞത്. അയാൾ തൊഴിൽവിസ ഒപ്പിച്ച് തരാമെന്ന് പറഞ്ഞ സ്ഥാനപനത്തിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കാനായത്. അപ്പോഴേക്കും എന്റെ പണം അയാൾ തട്ടിയെടുത്തു. അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പറ്റുന്നുമില്ല.– നാദിയ ബിബിസിയോട് പറയുന്നു.

പലരും തട്ടിപ്പിനരായ ശേഷം പോലീസിൽ ബന്ധപ്പെടാൻ മടിക്കുകയാണ്. പോലീസിൽ പരാതി നൽകിയാൽ ഇവർക്ക് തന്നെ പ്രശ്നമാവുമോയെന്ന് ഭയന്നിട്ടാണ് ഈ നയം ഇവർ സ്വീകരിക്കുന്നത്.

യുകെയിൽ തൊഴിൽ വിസയ്ക്കായി അപേക്ഷിക്കുവരുടെ എണ്ണം ഓരോ വർഷവും ആറിരട്ടിയോളം വർദ്ധിക്കുന്നുണ്ട്. 2022 ജൂൺ വരെ 26000 പേരാണ് തൊഴിൽ വിസയ്ക്ക് അപേക്ഷിതെങ്കിൽ 2023 ജൂണിലേക്കെത്തുമ്പോൾ ഇത് കുതിച്ചു ഉയർന്നു. പഠനം കഴിയും മുൻപ് തൊഴിൽ വിസയെടക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ അധികൃതർ നിരവധി വിസ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നുണ്ട്. 

യുകെയിൽ എത്ര പേർ ഇത്തരത്തിൽ വിസ തട്ടിപ്പുകളിൽ പെട്ടുപോകുന്നുണ്ട്, എത്ര പൈസ ഇതുവരെ നഷ്ടപ്പെട്ടു എന്നതിനെ കുറിച്ച് യാതൊരു ഔദ്യോഗിക രേഖകളും പുറത്തുവിട്ടിട്ടില്ല. അധികൃതർ ഇത്തരം തട്ടിപ്പുകാർക്കെതിരെ കണ്ണുതുറക്കണമെന്നാണ് തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെടുന്നത്.