യുഎസിൻ്റെ ആകാശത്ത് നിരവധി അജ്ഞാത ഡ്രോണുകൾ ആശങ്ക പടർത്തുന്നതിനിടെ, ഏറ്റവും ഒടുവിലായി ഡ്രോൺ ഭീഷണിയെ തുടർന്ന് ന്യൂയോർക്കിലെ ഒരു വിമാനത്താവളം താൽകാലികമായി അടച്ചിട്ടു. വെള്ളിയാഴ്ചയാണ് സംഭവം. ന്യൂയോർക് ഗവർണർ കാത്തി ഹോച്ചുൾ ഫെഡറൽ സഹായത്തിനായി അഭ്യർത്ഥിച്ചു.

ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 60 മൈൽ വടക്കായി സ്ഥിതി ചെയ്യുന്ന സ്റ്റുവർട്ട് ഇൻ്റർനാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥർ, രാത്രി 9:30 ഓടെ പ്രദേശത്ത് ഒരു ഡ്രോൺ കണ്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഒരു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു.

വിമാന സർവീസുകളെ അത് ബാധിച്ചിട്ടില്ല എങ്കിലും അജ്ഞാതമായ ഡ്രോണുകളോ വിമാനങ്ങളോ പോലുള്ള പറക്കും വസ്തുക്കൾ ആളുകളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമല്ല എന്ന നിലപാടിലാണ് പെൻ്റഗണും വൈറ്റ്ഹൌസും . കേസ് എഫ്ബിഐയെ ഏൽപ്പിച്ചിരിക്കുകയാണ്.