ഷാർജ: നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം” എന്ന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തി. തന്റെ ആദ്യ നോവലായ “സീബ: ഒരു ആക്‌സിഡൻ്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ കുറിച്ചാണ് താരം സംസാരിച്ചത്.

സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ഹുമ പറഞ്ഞു. ഓരോരുത്തരുടെയും ഉള്ളിൽ ഒരു സൂപ്പർഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാർത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് “വിമോചനം” ആയിരുന്നുവെന്ന് ഹുമ പറഞ്ഞു.

സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു.