കിൻഷാസ: കോംഗോയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് ഇതുവരെ 143 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരാണ്. 300 ലേരെ ആളുകൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പനി, തലവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, വിളർച്ച തുടങ്ങിയ ലക്ഷണങ്ങളാണ് മൂന്നിറിലേറെ പേരിൽ പ്രകടമായിരിക്കുന്നത്. രോഗബാധയെക്കുറിച്ച് കൂടുതൽ പഠിക്കാനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി ക്വാംഗോ പ്രവിശ്യയിലേക്ക് പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് അയച്ചിട്ടുണ്ട്. രോഗം കൂടുതലായി കാണപ്പെടുന്ന പാൻസി ഹെൽത്ത് സോണിലേക്കാണ് പ്രത്യേക ടീമുകളെ അയച്ചിരിക്കുന്നത്.

രോഗബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്ഥിതി ആശങ്കാജനകമാണെന്ന് ഗോത്ര നേതാവ് സെഫോറിയൻ മാൻസാൻസ വാർത്താ ഏജൻസിയോട് പറഞ്ഞു. പാൻസി ഒരു ഗ്രാമീണ മേഖലയായതിനാൽ മരുന്നുകളുടെ വിതരണത്തിൽ പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗബാധയെക്കുറിച്ചുള്ള വിശദമായ പഠനത്തിനായി രോഗബാധിതരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക റീജിയൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും അധികൃതർ ജനങ്ങളോട് പറഞ്ഞു.

സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. ആരോഗ്യ പ്രവർത്തകർ അല്ലാത്തവർ മരിച്ചവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

നവംബർ 10 നും 26 നും ഇടയിൽ ഏകദേശം 67 പേരാണ് അസുഖം ബാധിച്ച് മരിച്ചതെന്നാണ് പ്രദേശത്തെ എംപി പറയുന്നത്. ‘ഈ പകർച്ചവ്യാധിയെ നേരിടാൻ പാൻസി ആശുപത്രിയിൽ മരുന്നുകളുടെ കുറവുണ്ടെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ശരിക്കും സഹായം ആവശ്യമാണ്.’ എംപി പറയുന്നു.