ലക്‌നൗ: ഉത്തർപ്രദേശിലെ ഒരു ദളിത് വിദ്യാർത്ഥിക്ക് ഫീസ് അടയ്ക്കാൻ വൈകിയതിനാൽ ഐഐടി സീറ്റ് നഷ്ടമായ സംഭവം വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

എല്ലാ ഐഐടികളിലും, ഐഐഎമ്മുകളിലും മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. ആദ്യം രജിസ്റ്റർ ചെയ്യേണ്ടത് ധൻബാദിലെ ഐഐടി ആയിരിക്കും. 

സുപ്രീം കോടതി, മുസാഫർനഗറിലെ ടിറ്റോറ ഗ്രാമത്തിലെ ദിവസവേതന തൊഴിലാളിയുടെ മകനായ അതുൽ കുമാറിനെ (18) ധൻബാദിലെ ഐഐടിയിൽ പ്രവേശിപ്പിക്കാൻ തിങ്കളാഴ്ച നിർദേശിച്ചിരുന്നു. 17,500 രൂപയുടെ അഡ്മിഷൻ ഫീസ് അടക്കാനുള്ള സമയപരിധി നഷ്‌ടമായതിനാൽ കുമാറിന് ഐഐടി ധൻബാദിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ സീറ്റ് നഷ്ടമായിരുന്നു.

അതുൽ കുമാറിന്റെ പഠനച്ചെലവ് മുഴുവൻ സ്‌കോളർഷിപ്പിലൂടെ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുമാറിനെപ്പോലെ പഠനം തുടരാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഐഐടികൾ, ഐഐഎമ്മുകൾ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള എല്ലാ സ്ഥാപനങ്ങളിലും പഠിക്കുന്ന ഉത്തർപ്രദേശ് വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സ്‌കോളർഷിപ്പ് ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ വ്യക്തമാക്കി.