‘യാത്രയിലുടനീളം കൈകാലുകൾ ബന്ധിച്ചിരുന്നു. ഇറങ്ങുന്നതിനുമുൻപ് വിലങ്ങും ചങ്ങലയും നീക്കി. വളരെ ദുരിതമായിരുന്നു യാത്ര. വിമാനത്തിലുണ്ടായിരുന്ന മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും ചങ്ങലയിട്ടിരുന്നില്ല’ -പഞ്ചാബ് ഹോഷിയാർപുർ സ്വദേശി ദൽജിത് സിങ് ദുരിതം വിവരിച്ചു. അനധികൃത കുടിയേറ്റക്കാരുമായി ശനിയാഴ്ച അമേരിക്കയിൽനിന്നെത്തിയ രണ്ടാമത്തെ വിമാനത്തിലെ വ്യക്തിയാണ് ദൽജിത്. ട്രാവൽ ഏജന്റുമാരുടെ കെണിയിൽപ്പെട്ടാണ് അനധികൃത റൂട്ടുവഴി ദൽജിത് സിങ് അമേരിക്കയിലേക്കുപോയത്.
2022-ൽ നിയമപരമായ മാർഗത്തിലൂടെ യു.എസിലേക്ക് കൊണ്ടുപോകാമെന്ന് ട്രാവൽ ഏജന്റ് ഉറപ്പുനൽകിയതിനാൽ 65 ലക്ഷം കൈമാറി. അതേവർഷം നവംബറിൽ ദുബായിലെത്തിച്ചു. 18 മാസത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി. ഏതാനുംമാസങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്കയിലേക്കയച്ചു. 2024 ഓഗസ്റ്റിൽ വീണ്ടും മുംബൈയിലെത്തിയശേഷം ബ്രസീലിലേക്കുപോയി. നദികളും അരുവികളും പർവതങ്ങളും കടലും താണ്ടി അനധികൃത റൂട്ടിലൂടെ യു.എസ്. ലക്ഷ്യമാക്കി യാത്രചെയ്തു. അവസാനം മെക്സിക്കോവഴി യു.എസിലേക്ക് നീങ്ങി. തിഹ്വാനയിൽ യു.എസ്. ബോർഡർ പട്രോളിങ് അധികൃതർ പിടികൂടി തടങ്കൽകേന്ദ്രത്തിലേക്കുമാറ്റി’ -ദൽജിത് പറഞ്ഞു. ഇതിനിടെ ദൽജിതിന്റെ നാട്ടിലെ ഭൂമി ട്രാവൽ ഏജന്റുമാർ തട്ടിയെടുക്കാനും ശ്രമിച്ചു.
ഭൂമിവിറ്റാണ് പലരും ട്രാവൽ ഏജന്റുമാർക്ക് കൊടുക്കാനുള്ള വൻതുക കൈമാറിയത്. നാടുകടത്തിയവരെ സ്വീകരിക്കാൻ ഹരിയാണയിൽനിന്ന് മന്ത്രിപോലുമെത്തിയില്ലെന്നും തടവുകാരെ കൊണ്ടുപോകുന്നതരത്തിലുള്ള ബസാണ് ഹരിയാണയിൽനിന്ന് അയച്ചതെന്നും പഞ്ചാബ് എൻ.ആർ.ഐ. കാര്യമന്ത്രി കുൽദീപ് സിങ് ധാലിവാൾ ആരോപിച്ചു. അമേരിക്കയിൽനിന്ന് 112 അനധികൃത കുടിയേറ്റക്കാരുമായി മൂന്നാംവിമാനം അമൃത്സറിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയെത്തി. കൂടുതൽപ്പേരും ഹരിയാണയിൽ നിന്നുള്ളവരാണെന്നാണ് വിവരം.
കൊലക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
അമേരിക്കയിൽനിന്ന് തിരികെയെത്തിച്ച രണ്ടുപേരെ കൊലപാതകക്കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു. പട്യാല രാജ്പുര സ്വദേശികളായ സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് 2023-ൽ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്. രാജ്പുര പോലീസിന്റെ നേതൃത്വത്തിൽ അമൃത്സർ വിമാനത്താവളത്തിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കേസിലുൾപ്പെട്ടവരും ശനിയാഴ്ച വിമാനത്തിലെത്തുമെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.