വാഷിംഗ്ടണ്‍: 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള യുഎസ് ഗ്രീന്‍ കാര്‍ഡ് ലോട്ടറിയുടെ (ഡൈവേഴ്സിറ്റി വിസ) രജിസ്ട്രേഷന്‍ ഒക്ടോബര്‍ 2 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒരു മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന രജിസ്‌ട്രേഷന്‍ നവംബര്‍ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ഈ പ്രോഗ്രാം, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലോട്ടറി അടിസ്ഥാനത്തില്‍ 55,000 ഗ്രീന്‍ കാര്‍ഡുകള്‍ വരെ ലഭ്യമാക്കുന്നു.

ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ജമൈക്ക, മെക്‌സിക്കോ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), വെനസ്വേല, വിയറ്റ്‌നാം എന്നീ രാജ്യക്കാര്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള 50,000ത്തിലധികം സ്വദേശികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി യുഎസിലേക്ക് കുടിയേറിയതിനാലാണിത്. അതേസമയം, മക്കാവു എസ്എആര്‍, തായ്വാന്‍ സ്വദേശികള്‍ക്ക് ഡൈവേഴ്സിറ്റി വിസക്ക് അര്‍ഹതയുണ്ട്.

പ്രവേശനം നേടുന്നയാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിശീലനമോ അനുഭവപരിചയമോ ആവശ്യമുള്ള ഒരു തൊഴിലില്‍ കുറഞ്ഞത് ഒരു ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. എന്‍ട്രികള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും https://dvprogram.state.gov എന്നതില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അഴിമതികള്‍ ഒഴിവാക്കുന്നതിന് ‘വിസ കണ്‍സള്‍ട്ടന്റ്’ അല്ലെങ്കില്‍ ‘വിസ ഏജന്റ്’ ഇല്ലാതെ എന്‍ട്രികള്‍ സ്വയം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൃത്യമല്ലാത്തതോ ഡ്യൂപ്ലിക്കേറ്റോ ആയ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവരെ അയോഗ്യരാക്കും.