വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിന് അറുതിവേണമെന്നാവശ്യപ്പെട്ട് സ്വയം തീകൊളുത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധനം. പലസ്തീനില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ ഇടതു കൈക്ക് തീകൊളുത്തി പ്രതിഷേധമറിയിച്ചത്.
ഗാസയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടത് കൈ സമര്‍പ്പിക്കുന്നതായി സാമുവല്‍ മെന പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തന്റെ ശബ്ദം ഉണ്ടാകട്ടെ. കുഞ്ഞുങ്ങളുടെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് മെന പ്രതികരിച്ചു.
വെറും 139 സ്‌ക്വയര്‍ മൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു മുനമ്പ് പൂര്‍ണമായും നിരപ്പാക്കിയെന്ന് മെന പറഞ്ഞു. എന്നിട്ടും ഗാസയിലെ കുഞ്ഞുങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്നാല്‍ ഇപ്പോഴും നമ്മള്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഹമാസിനെതിരായ യുദ്ധമെന്നാണ് ഇസ്രയേല്‍ വംശഹത്യയെ വിശേഷിപ്പിക്കുന്നത്. എത്ര സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് ഹമാസ് എന്ന് മുദ്രകുത്തി നമ്മള്‍ കൊന്നുകളഞ്ഞത്. താന്‍ തന്റെ വീടായി കരുതുന്ന അരിസോണയിലെ ജനങ്ങളെ സേവിക്കാനാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഖം സംരക്ഷിക്കലാണ് തങ്ങളുടെ ജോലിയെന്ന് തിരിച്ചറിയുന്നുവെന്നും മെന പറഞ്ഞു.
പ്രക്ഷോഭകരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ തീയണച്ച് മെനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതര പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ മെനയെ ജോലിയില്‍ നിന്ന് പുറത്താക്കി.