അമേരിക്കയിലെ ടെക്സസ് സ്വദേശിനിയായ ജൂനിപെർ ബ്രൈസൺ എന്ന സ്ത്രീ പ്രസവിച്ച് മണിക്കൂറുകൾക്കകം തന്‍റെ കുഞ്ഞിനെ ഫെയ്സ്ബുക്കിലൂടെ വിൽക്കാന്‍ ശ്രമിച്ചതായി കേസ്. കുഞ്ഞിനെ ദത്തെടുക്കാൻ സാധ്യതയുള്ള ആളുകള്‍ക്ക് വേണ്ടി യുവതി ഒരു സമൂഹ മാധ്യമ ഓൺലൈൻ ഗ്രൂപ്പിൽ കുട്ടിയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ നിരവധി സ്വവർഗ ദമ്പതികളും മറ്റുള്ളവരും കുട്ടിയെ ദത്തെടുക്കാനുള്ള തങ്ങളുടെ താത്പര്യം യുവതിയെ അറിച്ചു. എന്നാല്‍ കുട്ടിയെ കൈമാറുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ്, ജൂനിപെർ ബ്രൈസണിനെ അറസ്റ്റ് ചെയ്തത്.
ജൂനിപെർ ബ്രൈസണിന് 21 വയസാണ് പ്രായം. ‘പ്രസവിച്ച അമ്മ, ദത്തെടുക്കാന്‍ മാതാപിതാക്കളെ തെരയുന്നു’ എന്ന കുറിപ്പോടെയാണ് യുവതി തന്‍റെ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കുട്ടിയെ ഏറ്റെടുക്കുന്നതിനായി അവർ ഒരു കുടുംബാംഗത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ നല്‍കുന്നതിന് പകരമായി അവര്‍ പണം ആവശ്യപ്പെട്ടു. പുതിയൊരു അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറാനും ജോലി തേടാനുമുള്ള പണമോ അതല്ലെങ്കില്‍ വീടിന്‍റെ ഡൗൺ പേയ്മെന്‍റ് നല്‍കാനുള്ള പണമോ അവര്‍ ആവശ്യപ്പെട്ടതായി പോലീസ് രേഖകളും പറയുന്നു.
ഫേസ്ബുക്കില്‍ ഇവരുടെ കുറിപ്പിന് പിന്നാലെ 7 കുടുംബങ്ങൾ കുട്ടിയെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. കുഞ്ഞിനെ നല്‍കാമെന്ന് ഏറ്റതോടെ 300 മൈൽ അകലെ നിന്ന് ഒരു കുടുംബം കുട്ടിയെ കൊണ്ടുപോകാൻ യാത്ര ആരംഭിച്ചിരുന്നെങ്കിലും ജുനിപെർ പണം അവശ്യപ്പെട്ടതോടെ ഇവര്‍ തിരിച്ച് പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശവാസിയായ വെൻഡി വില്യംസ് എന്ന സ്ത്രീ കുട്ടിയുടെ ജനനത്തിന് മുമ്പ് തന്നെ ദത്തെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ജുനിപെറിന് പ്രസവവേദന അനുഭവപ്പെട്ട സമയത്ത് വെൻഡി വില്യംസ് ആശുപത്രിയിൽ എത്തുകയും അവരുടെ ബൈസ്റ്റാന്‍ററായി ആശുപത്രിയില്‍ താമസിക്കുകയും ചെയ്തു. കുട്ടിയോടൊപ്പം ദിവസങ്ങള്‍ ചെലവഴിച്ച ശേഷം നിയമപരമായി കുട്ടിയെ കൂടെ നിർത്താനായിരുന്നു വെൻഡി വില്യംസും ആഗ്രഹിച്ചത്. എന്നാല്‍, പ്രസവശേഷം ജുനിപെറിന്‍ ഫേസ്ബുക്കില്‍ കുട്ടിയെ ദത്ത് നല്‍കുന്നത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതിനെ വെന്‍ഡി വില്യംസ് ചോദ്യം ചെയ്തു. ഇതോടെ ജുനിപെര്‍, വെന്‍ഡിയെ ആശുപത്രിയില്‍ നിന്നും പറഞ്ഞയച്ചു. ഇതിനെ തുടര്‍ന്ന് വെന്‍ഡി വില്യംസാണ് ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിനെ വിളിച്ച് കുട്ടിയെ വില്പന നടത്തുന്ന കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പോലീസെത്തി ജൂനിപെർ ബ്രൈസണിനെ അറസ്റ്റ് ചെയ്തത്.